ചെന്നൈ : 2026 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നടനും രാഷ്ട്രീയക്കാരനുമായ വിജയിനെ തമിഴഗ വെട്രി കഴകം (ടിവികെ) വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ, പാർട്ടി ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വിജയ് വ്യക്തമാക്കി. പരസ്യമായിട്ടല്ല, അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ പോലും അതുണ്ടാവില്ല എന്ന് അദ്ദേഹം അറിയിച്ചു. (Vijay to be TVK's chief ministerial face for 2026 polls)
പ്രത്യയശാസ്ത്ര ശത്രുക്കൾ എന്ന് വിളിക്കുന്നവരുമായി കൈകോർക്കുന്നതിനുള്ള ഏതൊരു സാധ്യതയും വിജയ് വ്യക്തമായി നിരസിച്ചു. ബിജെപി "ബി ജെ പിക്ക് തമിഴ്‌നാട്ടിൽ വിഷവിത്ത് വിതയ്ക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "അണ്ണയെയും പെരിയാറിനെയും എതിർക്കാനോ അപമാനിക്കാനോ തമിഴ്‌നാട്ടിൽ വിജയിക്കാനോ നിങ്ങൾക്ക് കഴിയില്ല. ബിജെപിയുമായി കൈകോർക്കാൻ ടിവികെ ഡിഎംകെയോ എഐഎഡിഎംകെയോ അല്ല" അദ്ദേഹം പറഞ്ഞു.
ടിവികെ എപ്പോഴും ഡിഎംകെയെയും ബിജെപിയെയും എതിർക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യങ്ങൾ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരങ്ങൾ പാർട്ടി വിജയ്ക്ക് നൽകി. സംസ്ഥാനത്ത് രണ്ട് കോടി അംഗങ്ങളെ ചേർക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ടിവികെ അംഗത്വ അടിത്തറ വികസിപ്പിക്കാനും തീരുമാനിച്ചു. ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി, ഈ വർഷം സെപ്റ്റംബർ മുതൽ ഡിസംബർ വരെ തമിഴ്‌നാട്ടിലുടനീളം ഒരു സംസ്ഥാനവ്യാപക പര്യടനം വിജയ് ആരംഭിക്കും, വോട്ടർമാരെ കാണുകയും പിന്തുണ സമാഹരിക്കുകയും ചെയ്യും. ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഓഗസ്റ്റിൽ നടക്കും, അവിടെ കൂടുതൽ തന്ത്രങ്ങൾ അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് പദ്ധതികൾക്ക് പുറമേ, പ്രധാന വിഷയങ്ങൾ അഭിസംബോധന ചെയ്യുന്ന നിരവധി പ്രമേയങ്ങൾ പാർട്ടി പാസാക്കി.