

ചെന്നൈ: ഇളയദളപതി വിജയ്‌യുടെ കരിയറിലെ 69-ാമത്തെയും അവസാനത്തെയും ചിത്രമായ 'ജനനായകൻ' വലിയ നിയമക്കുരുക്കിലേക്ക്. പൊങ്കൽ റിലീസായി ചിത്രം തീയറ്ററുകളിൽ എത്തിക്കാനുള്ള നീക്കങ്ങൾക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് താൽക്കാലികമായി തടയിട്ടത്.
സെൻസർ സർട്ടിഫിക്കറ്റ് തർക്കം: ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് ഡിവിഷൻ ബെഞ്ചിൽ ഹർജി എത്തിയത്. ഇത് പരിഗണിച്ച കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തു.കേസ് ഈ മാസം 21-ന് കോടതി വീണ്ടും പരിഗണിക്കും. അതുവരെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരും.
സുപ്രീംകോടതിയിലേക്ക് നിർമ്മാതാക്കൾ
പൊങ്കൽ റിലീസ് മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശേഷമുള്ള ആദ്യ ചിത്രം കൂടിയായതിനാൽ ഇതിലെ രാഷ്ട്രീയ പരാമർശങ്ങളെച്ചൊല്ലി നേരത്തെ തന്നെ വിവാദങ്ങൾ ഉണ്ടായിരുന്നു.
സിനിമയുടെ റിലീസ് മാറ്റിവെച്ചത് വിജയ് ആരാധകരെയും ടിവികെ പ്രവർത്തകരെയും നിരാശയിലാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടെ ചിത്രത്തിന് നേരിടേണ്ടി വരുന്ന പ്രതിസന്ധികൾക്ക് പിന്നിൽ രാഷ്ട്രീയ പ്രേരിതമായ നീക്കങ്ങളുണ്ടെന്ന് ടിവികെ കേന്ദ്രങ്ങൾ ആരോപിക്കുന്നു.