

ചെന്നൈ: തമിഴകത്തെ സൂപ്പർ താരം വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ എത്തുന്ന 'ജനനായകൻ' എന്ന ചിത്രം സെൻസർ ബോർഡുമായുള്ള നിയമപോരാട്ടത്തിലാണ്. ചിത്രത്തിലെ ചില രാഷ്ട്രീയ പരാമർശങ്ങളും രംഗങ്ങളും നീക്കം ചെയ്യാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന സെൻസർ ബോർഡിന്റെ നിലപാടാണ് റിലീസ് വൈകാൻ കാരണം.
സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിഷയം മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ജനുവരി 20-നുള്ളിൽ അവിടെത്തന്നെ തീർപ്പുണ്ടാക്കാൻ സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.
ഏകദേശം 500 കോടി രൂപ മുടക്കി നിർമ്മിച്ച ചിത്രമാണിതെന്നും റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും നിർമ്മാതാക്കൾ കോടതിയെ അറിയിച്ചു. ഈ മാസം 9-ന് നിശ്ചയിച്ചിരുന്ന റിലീസ് ഇതോടെ അനിശ്ചിതത്വത്തിലായി.നേരത്തെ കേസ് പരിഗണിച്ചപ്പോൾ നിർമ്മാതാക്കൾക്ക് അത്ര ശുഭകരമല്ലാത്ത പരാമർശങ്ങളാണ് ഡിവിഷൻ ബെഞ്ചിൽ നിന്നുണ്ടായത്. സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റിയുടെ അധികാരങ്ങളെ മാനിക്കണമെന്ന സൂചന കോടതി നൽകിയിരുന്നു.
ഇന്ന് രാവിലെ 11:30-ഓടെ കേസ് പരിഗണിക്കുമ്പോൾ സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി ശരിവെക്കുമോ അതോ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെടുമോ എന്നതാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം എത്തുന്ന ആദ്യ ചിത്രമായതിനാൽ വലിയ രാഷ്ട്രീയ പ്രാധാന്യവും ഈ കേസിനുണ്ട്.