ചെന്നൈ: തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം (TVK) നേതാവുമായ വിജയ് ( Vijay Divorce Row). ഭാര്യ സംഗീത സോർണലിംഗവുമായുള്ള വിവാഹമോചന കേസ് ചർച്ചയാകുന്ന സാഹചര്യത്തിലാണ് വിജയ്‌യുടെ പ്രതികരണം. പാർട്ടി സംഘടിപ്പിച്ച വനിതാ ദിനാഘോഷ ചടങ്ങിൽ സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്.
തന്റെ പേരിൽ ഉയരുന്ന ആരോപണങ്ങളിൽ പ്രവർത്തകർ വിഷമിക്കേണ്ടതില്ലെന്നും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിജയ് അഭ്യർത്ഥിച്ചു. “ചില പ്രശ്നങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നുണ്ടല്ലോ? ഇതിന്റെ പേരിൽ നിങ്ങൾ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും വിഷമിക്കുന്നതും ഞാൻ കാണുന്നുണ്ട്. നിങ്ങൾ വിഷമിക്കുന്നത് കാണുമ്പോൾ എനിക്കും വിഷമമാകും. ആ പ്രശ്നങ്ങൾ ഞാൻ നോക്കിക്കൊള്ളാം. അതൊന്നും അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല,” വിജയ് പറഞ്ഞു.
വിവാഹമോചന കേസും സംഗീതയുടെ പരാതിയും:
വിജയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംഗീത കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയ്‌ക്ക് ഒരു പ്രമുഖ നടിയുമായി അവിഹിത ബന്ധമുണ്ടെന്നും മാനസികമായ പീഡനവും അവഗണനയുമാണ് താൻ നേരിടുന്നതെന്നും സംഗീത ആരോപിക്കുന്നു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ തങ്ങളുടെ വീട്ടിൽ താമസിക്കാൻ അനുമതി നൽകണമെന്നും അല്ലെങ്കിൽ സമാനമായ മറ്റൊരു സൗകര്യം നൽകണമെന്നും ആവശ്യപ്പെട്ട് സംഗീത ചെങ്കൽപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പൗരത്വമുള്ള തനിക്ക് ചെന്നൈയിൽ മറ്റ് താമസസൗകര്യങ്ങൾ ഇല്ലെന്നും സംഗീത ചൂണ്ടിക്കാട്ടി. ഏപ്രിൽ 20-ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
നടി തൃഷയ്‌ക്കൊപ്പം വിജയ് അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തത് വലിയ രീതിയിൽ വാർത്തയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് വിവാഹമോചന കേസും പുറത്തുവരുന്നത്. എന്നാൽ ഇത്തരം അഭ്യൂഹങ്ങളോട് നേരിട്ട് പ്രതികരിക്കാൻ വിജയ് തയ്യാറായില്ല. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകാനൊരുങ്ങുന്ന വിജയ്‌ക്ക് ഈ വ്യക്തിപരമായ പ്രതിസന്ധികൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Summary:
Actor-politician Vijay has finally addressed the controversies surrounding his personal life, urging his supporters to stay focused on public welfare. His remarks follow a divorce petition filed by his wife, Sankgeetha, who alleged mental cruelty and an extramarital affair with an actress.

