ചെന്നൈ: കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ നടൻ വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27-നാണ് കരൂരിൽ വെച്ച് വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ റാലി നടന്നത്.റാലിക്കിടെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽപ്പെട്ട് 41 പേർ മരിക്കുകയും അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
റാലിയുടെ സംഘാടനത്തിൽ വീഴ്ചയുണ്ടായോ എന്നും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നും സി.ബി.ഐ പരിശോധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ വിജയ്‌യെ ചോദ്യം ചെയ്യുന്നത്.
തിങ്കളാഴ്ച ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ള സാഹചര്യത്തിൽ, വിജയ് ഡൽഹിക്ക് തിരിക്കുമോ അതോ അഭിഭാഷകർ മുഖേന സമയം നീട്ടി ചോദിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.