ന്യൂഡൽഹി : കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി പാർലമെന്റ് ഹൗസിലെത്തിയിരുന്നു. മലേഷ്യൻ യാത്രയിൽ നിന്ന് രാഹുൽ ഗാന്ധി തിരിച്ചെത്തി. പാർലമെന്റിൽ എത്തി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. പ്രിയങ്ക ഗാന്ധിയും വോട്ട് ചെയ്തു. ഖാർഗെയും ഖഡ്‌ഗരിയും വോട്ട് രേഖപ്പെടുത്തി. (Vice President Election 2025)
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജിയെത്തുടർന്ന് ഇന്ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ശ്രദ്ധ ആകർഷിക്കുകയാണ്. മത്സരം എൻഡിഎ നോമിനിയും പരിചയസമ്പന്നനായ ബിജെപി നേതാവുമായ സി പി രാധാകൃഷ്ണനും തമ്മിലാണ്.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുറത്തേക്ക് പോയി. ഇന്ന് രാവിലെ 10 മുതൽ പുതിയ പാർലമെൻ്റ് മന്ദിരത്തിൽ വോട്ടെടുപ്പ് ആരംഭിച്ചു. ഇന്നലെ എൻ ഡി എയും ഇന്ത്യ സഖ്യവും മോക്ക് വോട്ടിങ് നടത്തി. ബി ജെ ഡി, ബി ആർ എസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ചു.
ലോക്സഭയിൽ 293 എംപിമാരും രാജ്യസഭയിൽ 129 അംഗങ്ങളുമുള്ള എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ജൂലൈ 21 ന് ജഗ്ദീപ് ധൻഖർ രാജിവച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.
ചൊവ്വാഴ്ച രാവിലെ പാർലമെന്റ് ഹൗസിൽ ആരംഭിച്ച തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് സംയുക്ത പ്രതിപക്ഷ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡി പ്രത്യാശ പ്രകടിപ്പിച്ചു. "ഈ തിരഞ്ഞെടുപ്പിൽ ഞാൻ വിജയിക്കുമെന്ന് എനിക്ക് അതിയായ പ്രതീക്ഷയുണ്ട്," റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു. "എനിക്ക് ലഭിച്ച സ്നേഹത്തിനും, സിവിൽ സമൂഹത്തിൽ നിന്നുള്ള പ്രതികരണത്തിനും ഞാൻ ജനങ്ങളോട് നന്ദി പറയുന്നു. എതിർ പക്ഷത്തുള്ള നേതാക്കൾക്കും ഞാൻ നന്ദി പറയുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രോസ് വോട്ടിംഗിന്റെ എല്ലാ പ്രതീക്ഷകളെയും റെഡ്ഡി തള്ളിക്കളഞ്ഞു, "ജനങ്ങളുടെ അവബോധം ഉണർത്താൻ" മാത്രമാണ് താൻ ശ്രമിക്കുന്നതെന്നും ക്രോസ് വോട്ടിംഗ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പറഞ്ഞു. "ഞാൻ ജനങ്ങളുടെ മനസ്സാക്ഷിയെ ഉണർത്താൻ മാത്രമാണ് ശ്രമിക്കുന്നത്. ക്രോസ് വോട്ടിംഗ് ഉണ്ടാകുമെന്ന് ഞാൻ പറഞ്ഞിട്ടില്ല. ക്രോസ് വോട്ടിംഗ് എന്താണെന്ന് എനിക്കറിയില്ല," അദ്ദേഹം പറഞ്ഞു.
എൻഡിഎ നോമിനി സിപി രാധാകൃഷ്ണന് ഭൂരിപക്ഷം വോട്ടുകൾ നേടുമെന്ന് ആത്മവിശ്വാസമുണ്ടോ എന്ന് ചോദിച്ചപ്പോൾ, "അദ്ദേഹം മറ്റെന്താണ് പറയുക? ഞാൻ (സുദർശൻ റെഡ്ഡി) വിജയിക്കുമെന്ന് അദ്ദേഹം പറയുമോ? ഇതൊരു ചോദ്യമാണോ?" ഫലം എന്തുതന്നെയായാലും ഭരണഘടനയ്ക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുൻ സുപ്രീം കോടതി ജഡ്ജിയായ റെഡ്ഡി പറഞ്ഞു.