
കൊച്ചി: മുന്‍നിര ടെലികോം സേവന ദാതാവായ വി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് വായ്പകള്‍, സ്ഥിര നിക്ഷേപങ്ങള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ലളിതമായി പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കിക്കൊണ്ട് വി ആപ്പില്‍ വി ഫിനാന്‍സ് എന്ന സമഗ്ര സംവിധാനം അവതരിപ്പിച്ചു. ഇതിനായി ആദിത്യ ബിര്‍ള ക്യാപിറ്റല്‍, അപ്സ്വിങ് ഫിനാന്‍ഷ്യല്‍ ടെക്നോളജീസ്, ക്രെഡിലിയോ തുടങ്ങിയവയുമായി വി ഫിനാന്‍സ് സഹകരണവും ആരംഭിച്ചിട്ടുണ്ട്. യൂട്ടിലിറ്റി പെയ്മെന്‍റുകള്‍, മൂവി-സിനിമാ, ഗെയിമിങ്, ഷോപ്പിങ് ഡിസ്കൗണ്ടുകള്‍ തുടങ്ങി വി ആപ്പില്‍ ലഭ്യമായിട്ടുള്ള സേവനങ്ങള്‍ക്കു പുറമേയാണ് ജീവിത ശൈലിക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ അവതരിപ്പിക്കുക എന്ന ആശയത്തിന്‍റെ ഭാഗമായി ഈ സേവനവും അവതരിപ്പിക്കുന്നത്.
സങ്കീര്‍ണതകളില്ലാതെ തന്നെ തങ്ങളുടെ സാമ്പത്തിക കാര്യങ്ങളുടെ നിയന്ത്രണം ലഭ്യമാക്കുന്നതാണ് വി ഫിനാന്‍സ് എന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വി സിഎംഒ അവനീഷ് ഖോസ്ല പറഞ്ഞു. വിശ്വസനീയ സാമ്പത്തിക സ്ഥാപനങ്ങളുമായുള്ള തങ്ങളുടെ പങ്കാളിത്തം ഓരോ ഉപഭോക്താവിനും ആവശ്യമായ സേവനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ലഭ്യമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് 50,000 രൂപ മുതലുള്ള വായ്പകള്‍ പ്രതിവര്‍ഷം 10.99 ശതമാനം പലിശ നിരക്കില്‍ അപേക്ഷിക്കാന്‍ ഇതിലൂടെ സാധിക്കും. വി ഫിനാന്‍സും ആദിത്യ ബിര്‍ള ക്യാപ്പിറ്റലുമായുള്ള ഈ സഹകരണം വഴി ഡിജിറ്റല്‍ ആയ കടലാസ് രഹിത പ്രക്രിയകളും അനുഭവിക്കാം.
അപ്സ്വിങ് ഫിനാന്‍ഷ്യല്‍ ടെക്നോളജീസുമായുള്ള സഹകരണത്തോടെ കടലാസ് രഹിത ഫിക്സഡ് ഡെപോസിറ്റുകള്‍ തല്‍ക്ഷണം ആരംഭിക്കാം. ആയിരം രൂപ മുതലുള്ള കുറഞ്ഞ തുകകളും ഇതിലൂടെ നിക്ഷേപിക്കാം ഒപ്പം 4.6 ശതമാനം പലിശയും നേടാം.
ക്രെഡിലിയോയുമായുള്ള സഹകണം വഴി എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ വി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.