

ന്യൂഡൽഹി: ബിബിസിയുടെ ഇന്ത്യയിലെ മുൻ ബ്യൂറോ ചീഫും പ്രമുഖ എഴുത്തുകാരനുമായ മാർക്ക് ടുള്ളി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. ദശകങ്ങളോളം ഇന്ത്യയിലെ പ്രധാന സംഭവവികാസങ്ങൾ ലോകത്തെ അറിയിച്ചിരുന്ന അദ്ദേഹം, ഇന്ത്യൻ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ട വിദേശ മാധ്യമപ്രവർത്തകനായിരുന്നു.
ബ്രിട്ടീഷ് പൗരനായിരുന്നെങ്കിലും ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമാണ് മാർക്ക് ടുള്ളിക്കുണ്ടായിരുന്നത്. 20 വർഷത്തോളം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫായി പ്രവർത്തിച്ച അദ്ദേഹം 1994-ലാണ് അവിടെനിന്ന് രാജിവെച്ചത്. അടിയന്തരാവസ്ഥക്കാലത്ത് (1975-77) രണ്ട് വർഷത്തോളം അദ്ദേഹത്തിന് ഇന്ത്യയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. ബിബിസി റേഡിയോ 4-ലെ 'സംതിംഗ് അണ്ടർസ്റ്റുഡ്' എന്ന പരിപാടിയിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
ഇന്ത്യൻ മാധ്യമപ്രവർത്തനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മശ്രീ (1992), പത്മഭൂഷൺ (2005) എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഗവൺമെന്റ് അദ്ദേഹത്തിന് നൈറ്റ് പദവിയും ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (OBE) ബഹുമതിയും നൽകിയിരുന്നു. ഒമ്പതോളം പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഉൾനാടൻ ഗ്രാമങ്ങൾ മുതൽ അധികരകേന്ദ്രങ്ങൾ വരെ നീളുന്നതായിരുന്നു അദ്ദേഹത്തിന്റെ റിപ്പോർട്ടിംഗുകൾ. ഇന്ത്യയുടെ മാറുന്ന മുഖത്തെക്കുറിച്ച് അദ്ദേഹം എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും ചരിത്രരേഖകളായി ഇന്നും നിലനിൽക്കുന്നു.