
മുംബൈ: ബോളിവുഡിലെ മുതിർന്ന നടനും ഹാസ്യകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനുമായ അസ്രാണി (84) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മരണം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഗോവർധൻ അസ്രാണി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 'അസ്രാണി' എന്ന പേരിലാണ് സിനിമാരംഗത്ത് പ്രശസ്തനായത്. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.1940 ജനുവരി 1-ന് ജയ്പൂരിലെ ഒരു സിന്ധി കുടുംബത്തിൽ ജനിച്ച അസ്രാണി, പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്നാണ് അഭിനയം പഠിച്ചത്.1967-ൽ പുറത്തിറങ്ങിയ 'ഹരേ കാഞ്ച് കി ചൂടിയാം' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. നിരവധി ഗുജറാത്തി സിനിമകളിലും അദ്ദേഹം നായകനായി അഭിനയിച്ചിട്ടുണ്ട്.