ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) പൂർണ്ണമായും പൊളിച്ചെഴുതുന്ന 'വികസിത ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ' (VB-G RAM-G) ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബിൽ പാസാക്കിയത്. പദ്ധതിയുടെ പേര് മാറ്റുകയല്ല, മറിച്ച് പുതിയൊരു പദ്ധതി അവതരിപ്പിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സഭയിൽ വ്യക്തമാക്കി.(VB–G RAM G Bill passed by Lok Sabha, Opposition tears up copies and throws them away)
മുൻപ് പദ്ധതി വിഹിതം പൂർണ്ണമായും കേന്ദ്രമാണ് നൽകിയിരുന്നത്. എന്നാൽ പുതിയ നിയമപ്രകാരം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പദ്ധതിയുടെ 40% ബാധ്യത വഹിക്കണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവടങ്ങളിലും ഇത് 10% ആണ്. ഉറപ്പാക്കുന്ന തൊഴിൽ ദിനങ്ങൾ 100-ൽ നിന്നും 125 ആയി ഉയർത്തി.
പ്രധാന കാർഷിക സീസണുകളിൽ പദ്ധതി പ്രകാരം തൊഴിൽ നൽകില്ല. കർഷകത്തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാനാണ് ഈ നീക്കമെന്ന് ബില്ലിൽ പറയുന്നു. ഗ്രാമീണ അടിസ്ഥാന വികസനം, ജലസംരക്ഷണം, പൊതുമരാമത്ത് പ്രവൃത്തികൾ, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് മുൻഗണന. ഗ്രാമീണ വികസന മന്ത്രാലയത്തിന് പകരം കേന്ദ്ര ഗ്രാമീണ റോസ്ഗാർ കൗൺസിലാകും ഇനി പദ്ധതിയുടെ മേൽനോട്ടം വഹിക്കുക.
ബില്ലിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷം ബിൽ കോപ്പികൾ വലിച്ചുകീറി എറിഞ്ഞു. ഗാന്ധിയുടെ പേര് ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ബഹളത്തിന് കീഴടങ്ങില്ലെന്നും വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നും ശിവരാജ് സിംഗ് ചൗഹാൻ മറുപടി നൽകി.
ബില്ലിനെതിരെ ഡിസംബർ 19-ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷകത്തൊഴിലാളി യൂണിയനുകളുടെ സംയുക്ത വേദി അറിയിച്ചു. ഭരണഘടന ജനങ്ങൾക്ക് നൽകുന്ന തൊഴിൽ അവകാശത്തെ തകർക്കുന്നതാണ് പുതിയ ബില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ കുറ്റപ്പെടുത്തി.