ലഖ്‌നൗ: ആത്മീയ നഗരമായ വാരണാസി ആഗോള വിനോദസഞ്ചാരത്തിന്റെ കേന്ദ്രമായി മാറിയെന്ന് ഉത്തർപ്രദേശ് സർക്കാർ. 2025-ൽ മാത്രം 7 കോടി 26 ലക്ഷത്തിലധികം സന്ദർശകരാണ് വാരണാസിയിൽ എത്തിയതെന്ന് സംസ്ഥാന സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കാശി വിശ്വനാഥ ഇടനാഴിയുടെ വികസനവും നഗരത്തിലെ ആധുനിക സൗകര്യങ്ങളുമാണ് ഈ വൻ കുതിപ്പിന് കാരണമായത്.(Varanasi becomes a wonder on the tourism map, Over 70 million visitors arrived in 2025)
കാശി വിശ്വനാഥ ഇടനാഴിയുടെ നിർമ്മാണത്തോടെ ഭക്തർക്ക് സുഗമമായ ദർശന സൗകര്യം ലഭിച്ചു. ഗംഗാ ഘട്ടുകളുടെ നവീകരണവും പുരാതന ക്ഷേത്രങ്ങളുടെ സംരക്ഷണവും നഗരത്തിന്റെ മുഖച്ഛായ മാറ്റി. നവീകരിച്ച റോഡുകളും മെച്ചപ്പെട്ട വിനോദസഞ്ചാര സേവനങ്ങളും സന്ദർശകർക്ക് വലിയ സഹായമായി.
2025-ലെ മഹാകുംഭമേള വാരണാസിയിലെ തിരക്ക് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 28.7 ദശലക്ഷം ആളുകളാണ് കുംഭമേളയുടെ ഭാഗമായി എത്തിയത്. ത്രിവേണി സംഗമത്തിലെ പുണ്യസ്‌നാനത്തിന് ശേഷം ഭൂരിഭാഗം പേരും കാശി വിശ്വനാഥ ക്ഷേത്രത്തിലും ദർശനം നടത്തി. 2025 ഡിസംബർ 24-നും 2026 ജനുവരി 1-നും ഇടയിലുള്ള ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 30 ലക്ഷത്തിലധികം (3,075,769) ഭക്തർ ക്ഷേത്രത്തിലെത്തി.
ശ്രാവണ മാസത്തിലും മഹാശിവരാത്രി ഉത്സവത്തിലുമാണ് ഏറ്റവും കൂടുതൽ ഭക്തർ എത്തിയതെന്നും ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിയും ഭരണകൂടവും ഇതിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നതായും സർക്കാർ അറിയിച്ചു.