ന്യൂഡൽഹി : ഇന്ത്യയിലെ അതിവേഗ ട്രെയിൻ സംവിധാനമായ വന്ദേ ഭാരതിൻ്റെ സ്ലീപ്പർ ട്രെയിനുകൾക്കായുള്ള കാത്തിരിപ്പ് നീളാൻ സാധ്യതയെന്ന് റിപ്പോർട്ട്. ട്രെയിനിൻ്റെ ഫർണിഷിംഗിലെയും നിർമ്മാണ നിലവാരത്തിലെയും പ്രശ്‌നങ്ങളാണ് ഈ കാലതാമസത്തിന് കാരണമായി റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടുന്നത്.(Vande Bharat Sleeper Train Service to be Delayed, Issues in Furnishing and Construction Quality)
റെയിൽവേ ബോർഡ് റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (RDSO) ഡയറക്ടർ ജനറലിനും എല്ലാ റെയിൽവേ സോണുകളിലെയും ജനറൽ മാനേജർമാർക്കും അയച്ച ഒക്ടോബർ 28-ലെ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൻ്റെ റൂട്ട് ഇതുവരെ അന്തിമമാക്കിയിട്ടില്ല.
ബെർത്ത് ഏരിയയിലെ ചില പ്രശ്നങ്ങളാണ് പ്രധാനമായും കത്തിൽ പരാമർശിക്കുന്നത്. ബെർത്ത് ഏരിയയിലെ മൂർച്ചയുള്ള അരികുകളും കോണുകളും, ജനൽ കർട്ടൻ ഹാൻഡിലുകൾ, ബെർത്ത് കണക്റ്ററുകൾക്കിടയിലുള്ള, വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള 'പിജിയൻ പോക്കറ്റുകൾ' എന്നിവയാണവ.
നിലവിലെ ബോഗികളിലും ഭാവിയിലുള്ളവയിലും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ, മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്നതിന് RDSO നിർദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്നും റെയിൽവേ ബോർഡ് സോണുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രയൽ സമയത്ത് ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (CCRS) ഉന്നയിച്ച കാര്യങ്ങളിലെ പരിഹാരം സംബന്ധിച്ച വിവരങ്ങൾ RDSO 2025 സെപ്റ്റംബർ ഒന്നിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെ, റെയിൽവേ മന്ത്രാലയം ചില പ്രധാന വിഷയങ്ങളിൽ കർശനമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആവർത്തിച്ചു നിർദ്ദേശിച്ചു.
അഗ്നി സുരക്ഷാ നടപടികൾ കർശനമാക്കണം, കവച് 4.0 സംവിധാനം സ്ഥാപിക്കണം, ലോക്കോ പൈലറ്റുമാർ, ട്രെയിൻ മാനേജർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർ തമ്മിൽ വിശ്വസനീയമായ കമ്മ്യൂണിക്കേഷൻ സിസ്റ്റം ഉറപ്പാക്കണം, എല്ലാതരം ബ്രേക്ക് സംവിധാനങ്ങളുടെയും ശരിയായ പരിപാലനം, അടിയന്തിര സാഹചര്യങ്ങളിൽ 15 മിനിറ്റിനുള്ളിൽ സെമി-പെർമനെൻ്റ് കപ്ലർ വേർപെടുത്താൻ ലോക്കോ പൈലറ്റുമാർക്ക് പരിശീലനം നൽകണം. ഇതിന് ആവശ്യമായ ഉപകരണങ്ങൾ ടൂൾ കിറ്റിൻ്റെ ഭാഗമാക്കണം, പുറത്തെ താപനിലയും ഡോറുകൾ ഇടയ്ക്കിടെ തുറക്കുകയും അടക്കുകയും ചെയ്യുന്നത് പരിഗണിച്ച് യാത്രക്കാർക്ക് സുഖകരമായ താപനില കോച്ചുകളിൽ നിലനിർത്തണം എന്നിവ ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു.
യാത്രയ്ക്കിടെയുള്ള സാങ്കേതിക പ്രശ്‌നങ്ങളും അടിയന്തിര സാഹചര്യങ്ങളും പരിഹരിക്കുന്നതിന് ആവശ്യമായ പരിശീലനം ലഭിച്ച സാങ്കേതിക ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കണം. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാരല്ലാത്ത എല്ലാവരും ഇറങ്ങണമെന്ന് പി.എ. സിസ്റ്റം വഴി പതിവായി അറിയിപ്പുകൾ നൽകണം. യാത്രയ്ക്കിടെ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് മൂന്ന് ഭാഷകളിൽ (പ്രാദേശിക ഭാഷ, ഹിന്ദി, ഇംഗ്ലീഷ്) മുൻകൂട്ടി റെക്കോർഡ് ചെയ്ത സുരക്ഷാ അറിയിപ്പുകൾ നൽകണം.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റിൻ്റെ അറ്റകുറ്റപ്പണികൾക്കായി യോഗ്യതയുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും, സ്പെയർ പാർട്‌സുകൾ ആവശ്യമായ അളവിൽ ഉറപ്പാക്കണമെന്നും മന്ത്രാലയം സോണുകൾക്ക് നിർദ്ദേശം നൽകി.