ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ആധുനിക മുഖമായ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവീസിനായി ഒരുങ്ങുന്നു. ഗുവാഹത്തി-ഹൗറ റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഓടുക. ഇതിന് മുന്നോടിയായി ടിക്കറ്റ് നിരക്കുകൾ റെയിൽവേ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദീർഘദൂര യാത്രക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ എത്തുന്ന ട്രെയിനിന്റെ മൂന്ന് റൂട്ടുകളാണ് കേരളത്തിനായി പരിഗണിക്കുന്നത്.(Vande Bharat sleeper to be on track, Fares announced, three main routes for Kerala)
400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്കാണ് മിനിമം നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. തേർഡ് എസിക്ക് 960 രൂപയും, സെക്കന്റ് എസിക്ക് 1240 രൂപയും, ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ് മിനിമം ടിക്കറ്റ് നിരക്ക്. നിശ്ചിത കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും തേർഡ് എസിയിൽ 2.40 രൂപയും, സെക്കന്റ് എസിയിൽ 3.10 രൂപയും, ഫസ്റ്റ് എസിയിൽ 3.80 രൂപയും വീതം അധികമായി ഈടാക്കും. ഈ നിരക്കുകൾക്ക് പുറമെ ജിഎസ്ടിയും ബാധകമായിരിക്കും. വന്ദേ ഭാരത് സ്ലീപ്പറിൽ കൺഫേം ടിക്കറ്റുകൾ മാത്രമേ അനുവദിക്കൂ; ആർഎസി, വെയിറ്റിങ് ലിസ്റ്റ് സംവിധാനങ്ങൾ ഉണ്ടായിരിക്കില്ല.
തിരുവനന്തപുരത്ത് നിന്ന് ചെന്നൈ, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് വന്ദേ സ്ലീപ്പർ പരിഗണിക്കുന്നത്. 922 കിലോമീറ്റർ ദൂരമുള്ള തിരുവനന്തപുരം-ചെന്നൈ റൂട്ടിൽ തേർഡ് എസിക്ക് 2212.80 രൂപയും, സെക്കന്റ് എസിക്ക് 2858.20 രൂപയും, ഫസ്റ്റ് എസിക്ക് 3503.60 രൂപയുമായിരിക്കും നിരക്ക്.
844 കിലോമീറ്റർ ദൂരമുള്ള തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ തേർഡ് എസിക്ക് 2025.60 രൂപയും സെക്കന്റ് എസിക്ക് 2616.40 രൂപയും ഫസ്റ്റ് എസിക്ക് 3207.20 രൂപയും ടിക്കറ്റ് നിരക്ക് വരും. 631 കിലോമീറ്റർ ദൂരമുള്ള മംഗളൂരു-തിരുവനന്തപുരം റൂട്ടിലാകട്ടെ തേർഡ് എസിക്ക് 1514.40 രൂപയും സെക്കന്റ് എസിക്ക് 1956.10 രൂപയും ഫസ്റ്റ് എസിക്ക് 2397.80 രൂപയുമായിരിക്കും നിരക്ക് ഈടാക്കുക.
180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ട്രെയിൻ നിലവിൽ സുരക്ഷാ കാരണങ്ങളാൽ 130 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസ് നടത്തുക. ആകെ 16 കോച്ചുകളിലായി 823 യാത്രക്കാർക്ക് സഞ്ചരിക്കാം. പ്രത്യേകമായി രൂപകൽപ്പന ചെയ്ത കുഷ്യൻ ബെർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, മികച്ച സസ്‌പെൻഷൻ, ശബ്ദം കുറഞ്ഞ ഇന്റീരിയർ എന്നിവ യാത്ര സുഗമമാക്കും. സുരക്ഷയ്ക്കായി 'കവച്' സംവിധാനവും എമർജൻസി ടോക്ക് ബാക്ക് യൂണിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. വനിതകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേകം ക്വാട്ടയും അനുവദിച്ചിട്ടുണ്ട്.