
ഉത്തരകാശി: ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയത്തിൽ ധരാലി ഗ്രാമത്തിൽ വ്യാഴാഴ്ചയും രക്ഷാപ്രവർത്തനം തുടരും(Uttarkashi cloudburst). ഇതുവരെ പ്രദേശത്ത് നിന്നും 400 ലധികം പേരെ രക്ഷപ്പെടുത്തി. സൈന്യം, ഐടിബിപി, എസ്ഡിആർഎഫ് എന്നീ സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഡെറാഡൂണിൽ നിന്ന് വിമാന മാർഗം 2 ടീമുകളെ കൂടി ധരാലിയിലേക്ക് അയയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ നിമിത്തം അത് നടന്നില്ല.
അതേസമയം ഇന്ന് മുതൽ ആഗസ്റ്റ് 10 വരെ ഉത്തരകാശി ജില്ലയിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബുധനാഴ്ച ധരാലിയിൽ എത്തി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സ്ഥിതിഗതികൾ വിലയിരുത്തി. കരസേനയുടെ നേതൃത്വത്തിലുള്ള എല്ലാ രക്ഷാപ്രവർത്തന സംഘങ്ങളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. മാത്രമല്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി ടെലിഫോണിൽ സംസാരിക്കുകയും ചെയ്തു.