

ബഞ്ചി ജമ്പിങ് ചെയുന്ന മനോഹരങ്ങളായ വീഡിയോകൾ നമ്മൾ കണ്ടിടുണ്ട്. ധൈര്യവും മനോബലവും അളക്കുന്ന ഒരു വിനോദമായാണ് ഇതിനെ കണക്കാക്കുന്നത്. ഉയർന്ന പ്രദേശത്ത് നിന്നും കയർ ശരീരത്ത് ഘടിപ്പിച്ചുകൊണ്ട് താഴേക്ക് ചാടുന്നതാണ് ഈ വിനോദം. (Bungee jumping)
എന്നാൽ ഋഷികേശിൽ നടന്ന ബഞ്ചി ജമ്പിങിനിടെ കയർ പൊട്ടി യുവാവിന് ഗുരുതരമായി പരുക്കേറ്റ വാർത്തയാണ് ഇപ്പോൾ വരുന്നത്. ഗുരുഗ്രാം സ്വദേശിയായ 24 കാരൻ സോനു കുമാറിനാണ് പരിക്കേറ്റത്. ഉത്തർപ്രദേശിലെ ശിവപുരിയിൽ സ്ഥിതി ചെയുന്ന ത്രിൽ ഫാക്ടറി അഡ്വെഞ്ചർ പാർക്കിലാണ് സംഭവം. ബഞ്ചി ജമ്പിങിനിടെ യുവാവ് കയർ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് പോലീസ് വിശദീകരണം. 180 അടി ഉയത്തിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. അവിടെ നിന്നും താഴെയുള്ള ടിൻ ഷെഡിലേക്കാണ്
യുവാവ് വീണത്. സോനുവിനെ അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരുക്കുകളോടെ സോനു അത്യാഹിത വിഭാഗത്തിൽ തുടരുകയാണ്.
ത്രിൽ ഫാക്ടറി അഡ്വെഞ്ചർ പാർക്കിനെതിരേ ഇത് വരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സോനുവിന്റെ സുഹൃത്താണ് വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്ക് വച്ചത്. അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനാൽ പാർക്കിലെ എല്ലാ സാഹസിക വിനോദങ്ങളും അധികൃതർ നിർത്തി വച്ചു.
ഈ സംഭവത്തോടെ ഇന്ത്യയിൽ പ്രശസ്തി നേടി വരുന്ന ബഞ്ചി ജമ്പിങ്ങിനെ അപകട സാധ്യതകളാണ് ചർച്ചയാകുന്നത്.