
ന്യുഡൽഹി: അമേരിക്കയുടെ അധിക തീരുവ പ്രഹരം മറികടക്കാൻ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്കാർക്ക് സമാശ്വാസ പാക്കേജ് ഉടൻ കൊണ്ടുവരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാക്കേജിന് അന്തിമ രൂപം നൽകുകയാണ് ധനമന്ത്രാലയമെന്നും, പാക്കേജ് ഉടൻ കൊണ്ടുവരുമെന്നും സിഎൻബിസി നെറ്റ്‌വർക് 18 ന് നൽകിയ അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക തീരുവയോടെ 50 ശതമാനം തീരുവയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്ന ഈ അധിക തീരുവ ഇന്ത്യയിൽ നിന്നുള്ള വിവിധ സെക്ടറുകളിലെ കയറ്റുമതിക്കാരെരിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇതോടെയാണ് ട്രംപിന്റെ തീരുവ പ്രഹരം മറികടക്കാൻ കേന്ദ്രം പുതിയ പാക്കേജ് കൊണ്ട് വരുന്നത്. അതേസമയം , അതേസമയം യുഎസിൻ്റെ അധിക തീരുവ ഉണ്ടാക്കുന്ന തിരിച്ചടിയെ പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.