ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ തുടരുമെന്ന് യു എസ്. ആണവോർജ്ജ മേഖലയിൽ സ്വകാര്യ പങ്കാളിത്തത്തിന് വഴിതുറക്കുന്ന 'ശാന്തി' ബിൽ പാസാക്കിയ ഇന്ത്യയുടെ നടപടിയെ അമേരിക്കൻ വിദേശകാര്യ വകുപ്പ് അഭിനന്ദിച്ചു. അടുത്ത മാസം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.(US will continue to work on trade deal with India)
മുടങ്ങിക്കിടക്കുന്ന വ്യാപാര കരാറിനായുള്ള ശ്രമങ്ങൾ ഊർജിതമായി തുടരും. ഇറാൻ്റെ വ്യാപാര പങ്കാളികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഇന്ത്യയെ ബാധിച്ചേക്കില്ലെന്നത് വലിയ ആശ്വാസമാണ്.
ഇന്ത്യ എന്നും അമേരിക്കയുടെ ഉറ്റ സുഹൃത്താണെന്ന് പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ പറഞ്ഞു. നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദം ഭിന്നതകൾ പരിഹരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അടുത്ത മാസം പാക്സിലിക്ക ഗ്രൂപ്പിൽ ഇന്ത്യ പൂർണ്ണ അംഗമാകും. സെമി കണ്ടക്ടർ നിർമ്മാണം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) എന്നിവയിൽ ചൈനയുടെ ആധിപത്യം കുറയ്ക്കാൻ ഈ സഖ്യം ലക്ഷ്യമിടുന്നു. നേരത്തെ വ്യാപാര കരാർ വൈകുന്നതിന് കാരണം പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനെ നേരിട്ട് വിളിച്ച് സംസാരിക്കാത്തതാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‌നിക് പറഞ്ഞത് വിവാദമായിരുന്നു.