
ന്യൂഡൽഹി: ട്രംപിനോട്, ഇന്ത്യയ്ക്കും പാകിസ്താനുമിടയ്ക്ക് നിന്ന് ചർച്ചയ്ക്ക് സൗകര്യമൊരുക്കണമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടതിനോട് പ്രതികരിച്ച് ശശി തരൂർ എം.പി(Shashi Tharoor). ഇന്ത്യയ്‌ക്കെതിരെയുള്ള പാകിസ്ഥാൻ ഭീകരത അവസാനിപ്പിക്കുന്നതിനെക്കുറിച്ചും അധിനിവേശ കശ്മീരിലെ ഭാഗങ്ങൾ തിരികെ നൽകുന്നതിനെക്കുറിച്ചും പാകിസ്ഥാനുമായി ഏത് ചർച്ചയ്ക്കും തയ്യാറാണെന്നും യുഎസ് പോലുള്ള ഒരു മൂന്നാം കക്ഷിയെയോ മധ്യസ്ഥ സഹായിയെയോ അതിന് ആവശ്യമില്ലെന്നും ശശി തരൂർ എം.പി ആവർത്തിച്ചു.
“ഭീഷണി നേരിടുമ്പോൾ ഇന്ത്യ ചർച്ച നടത്തില്ലെന്ന് യുഎസിന് നന്നായി അറിയാം. നിങ്ങളുടെ കുട്ടികളുടെ മേൽ റോട്ട്‌വീലറുകളെ അഴിച്ചുവിട്ട് സംഭാഷണം ആവശ്യപ്പെടുന്ന ഒരു അയൽക്കാരനോട് നിങ്ങൾക്ക് സംസാരിക്കാൻ കഴിയില്ല. ആ നായ്ക്കളെ ചങ്ങലയ്ക്കിടുകയോ കൂട്ടിലടയ്ക്കുകയോ താഴെയിടുകയോ ചെയ്തില്ലെങ്കിൽ, ചർച്ച ചെയ്യാൻ ഒന്നുമില്ല,” - ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. മാത്രമല്ല; ഭീകരതയുടെ ഇരയാണെന്ന പാകിസ്ഥാന്റെ ആവർത്തിച്ചുള്ള അവകാശവാദത്തെയും തരൂർ വിമർശിച്ചു.