ന്യൂഡൽഹി: ഗാസയിലെ സമാധാന പുനഃസ്ഥാപനത്തിനായി നിയമിതരായ ഉന്നതതല സമിതിയിലേക്ക് ഇന്ത്യയെ ക്ഷണിച്ച് ഡോണൾഡ് ട്രംപ് ഭരണകൂടം. വൈറ്റ് ഹൗസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാപാര നികുതി സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് നിർണ്ണായകമായ ഈ നയതന്ത്ര നീക്കം.(US invites India to Gaza peace committee)
ഇസ്രയേലിനും പലസ്തീനും ഒരുപോലെ സ്വീകാര്യമായ രാജ്യം എന്ന നിലയിലാണ് ഇന്ത്യയെ സമിതിയിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്രയേലുമായി ശക്തമായ തന്ത്രപരമായ പങ്കാളിത്തം പുലർത്തുമ്പോൾ തന്നെ, പലസ്തീന് മാനുഷിക പിന്തുണയും സഹായങ്ങളും നൽകുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചു പോരുന്നത്.
യുദ്ധകാലയളവിൽ ഈജിപ്ത് വഴി ഗാസയിലേക്ക് അവശ്യസാധനങ്ങൾ എത്തിച്ച രാജ്യങ്ങളിൽ ഇന്ത്യ മുൻപന്തിയിലുണ്ടായിരുന്നു. ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയുടെ ഭാഗമായി ജനുവരി 15-നാണ് ഈ സമിതി രൂപീകരിച്ചത്. ഗാസയിലെ വെടിനിർത്തലിന് ശേഷം അവിടുത്തെ പുനർനിർമ്മാണം, ഭരണം എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് ലക്ഷ്യം.
അറുപതോളം രാജ്യങ്ങളെയാണ് നിലവിൽ സമിതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാനും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്. കേവലം ഗാസയിൽ ഒതുങ്ങാതെ, ഭാവിയിൽ അന്താരാഷ്ട്ര തലത്തിലുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള സ്ഥിര സംവിധാനമായി ഈ സമിതിയെ മാറ്റാനും ട്രംപ് ഭരണകൂടത്തിന് ലക്ഷ്യമുണ്ട്.