54 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി നാട് കടത്തി US : 50 പേരും ഹരിയാനക്കാർ | US

പലരും 25 മണിക്കൂർ ചങ്ങലയിലായിരുന്നു
54 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി നാട് കടത്തി US : 50 പേരും ഹരിയാനക്കാർ | US
Published on

ന്യൂഡൽഹി: അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് അധികൃതർ നാടുകടത്തി. നാടുകടത്തപ്പെട്ടവരിൽ 50 പേരും ഹരിയാന സ്വദേശികളാണ്. 'ഡോങ്കി റൂട്ട്' എന്നറിയപ്പെടുന്ന അപകടകരമായ അനധികൃത പാത വഴി അമേരിക്കയിലേക്ക് എത്തിയവരാണ് ഇവരെന്ന് കരുതുന്നു.(US deports 54 more illegal Indian immigrants)

യുഎസ് നാടുകടത്തിയ പുതിയ സംഘം ശനിയാഴ്ച രാത്രിയോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ടവരിൽ പലർക്കും 25 മണിക്കൂർ വരെ വിമാനയാത്രയിൽ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹരിയാനയിലെ കർണാൽ, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തൽ, ജിന്ദ് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് നാടുകടത്തപ്പെട്ടവരിൽ ഭൂരിഭാഗവും. ഏറ്റവും കൂടുതൽ പേർ കർണാൽ (16), കൈത്തൽ (15) ജില്ലകളിൽ നിന്നുള്ളവരാണ്.

നാടുകടത്തപ്പെട്ടവരിൽ അധികവും 25 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരാണ്. തൊഴിൽ തട്ടിപ്പിന് ഇരയായി അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഇവരെന്നാണ് പ്രാഥമിക വിവരം. മെച്ചപ്പെട്ട ജീവിതം തേടി ഏജന്റുമാർക്ക് 35 ലക്ഷം മുതൽ 57 ലക്ഷം രൂപ വരെ നൽകി കബളിക്കപ്പെട്ടവരാണ് പലരുമെന്ന് വാർത്താ ഏജൻസിയായ എൻ.ഐ.എ റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് നാടുകടത്തിയവരിൽ ഒരാളായ 45-കാരനായ ഹർജീന്ദർ സിങ് തങ്ങളുടെ ദുരിതം പങ്കുവെച്ചു. "എന്റെ കാലുകൾ വീർത്തിരിക്കുന്നു. വിമാനയാത്രയിൽ 25 മണിക്കൂർ ഞാൻ ചങ്ങലയിലായിരുന്നു." – അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ജീവിതത്തിനായി യുഎസിലേക്ക് കുടിയേറാൻ 35 ലക്ഷം രൂപ ചെലവഴിച്ചെന്നും, എന്നാൽ കുടുംബത്തിന് നല്ലത് ചെയ്യാനുള്ള സ്വപ്നങ്ങൾ തകർന്നുപോയെന്നും സിങ് കൂട്ടിച്ചേർത്തു.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഹരിയാനയിൽ എത്തിച്ച ഇവരെ വീടുകളിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, അനധികൃതമായി പണം വാങ്ങി കബളിപ്പിച്ച ഏജന്റുമാർക്കെതിരെ ഇതുവരെ ആരും പരാതി നൽകിയിട്ടില്ല.

ജനുവരിയിൽ ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യുവാക്കളെ യുഎസ് അധികൃതർ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com