

ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാർക്ക് ഏറെ ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കുന്നു (UPI PF Withdrawal). ഇപിഎഫ്ഒയുടെ പുതിയ പരിഷ്കാരമായ 'ഇപിഎഫ്ഒ 3.0' പ്രകാരം, വരിക്കാർക്ക് തങ്ങളുടെ പിഎഫ് തുക യുപിഐ (UPI) വഴി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിക്കാനും സാധിക്കും. നിലവിൽ ക്ലെയിമുകൾ തീർപ്പാക്കാൻ എടുക്കുന്ന കാലതാമസം ഒഴിവാക്കി സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
പുതിയ സംവിധാനത്തിലൂടെ വരിക്കാർക്ക് അവരുടെ അക്കൗണ്ടിൽ ലഭ്യമായ പിൻവലിക്കാവുന്ന തുക എത്രയാണെന്ന് തത്സമയം കാണാൻ സാധിക്കും. യുപിഐ പിൻ ഉപയോഗിച്ച് തുക അംഗീകരിക്കുന്നതോടെ മിനിറ്റുകൾക്കുള്ളിൽ പണം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാകും. അടിയന്തര ആവശ്യങ്ങൾക്കായി പണം പിൻവലിക്കുന്നതിനുള്ള 'ഓട്ടോ-സെറ്റിൽമെന്റ്' പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് രോഗം, വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി മൂന്ന് ദിവസത്തിനുള്ളിൽ തുക ലഭ്യമാക്കാൻ സഹായിക്കും.
എട്ട് കോടിയിലധികം വരുന്ന വരിക്കാർക്ക് പ്രയോജനപ്പെടുന്ന ഈ മാറ്റത്തിനായി ഇപിഎഫ്ഒയുടെ ഐടി സംവിധാനങ്ങൾ പൂർണ്ണമായും നവീകരിച്ചിട്ടുണ്ട്. 95 ശതമാനം ക്ലെയിമുകളും യാതൊരുവിധ മാനുഷിക ഇടപെടലുകളുമില്ലാതെ സോഫ്റ്റ്‌വെയർ വഴി തന്നെ തീർപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും വരിക്കാർ അക്കൗണ്ടിൽ കുറഞ്ഞത് 25 ശതമാനം തുക മിനിമം ബാലൻസായി നിലനിർത്തേണ്ടതുണ്ട്. പിഎഫ് പണം നേരിട്ട് പിൻവലിക്കാൻ ബാങ്കിംഗ് ലൈസൻസ് ഇല്ലാത്തതിനാൽ, ബാങ്ക് പേയ്‌മെന്റ് ഗേറ്റ്‌വേകളുമായുള്ള സഹകരണത്തിലൂടെയാണ് ഈ സേവനം സാധ്യമാക്കുന്നത്.
Starting April 2026, EPFO subscribers will be able to withdraw their Provident Fund savings instantly through UPI and ATM cards under the new EPFO 3.0 initiative. The auto-settlement limit for advance claims has been raised from ₹1 lakh to ₹5 lakh to ensure fast-track disbursal within 72 hours for emergencies. This digital transformation aims to automate 95% of claim settlements, benefiting over 8 crore members across India.