

ലഖ്‌നൗ: ഭർത്താവിനെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കിയ സംഭവത്തിൽ യുവതിയും അവരുടെ കാമുകനും അറസ്റ്റിൽ. ഡിസംബർ 15-ന് ചന്തൗസിയിലെ ഈദ്ഗാഹിന് സമീപം ചാക്കിൽ പൊതിഞ്ഞ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറംലോകമറിയുന്നത്.
ചാക്കിൽ കണ്ടെത്തിയ ശരീരഭാഗങ്ങൾ ക്രൂരമായി വെട്ടിമുറിച്ച നിലയിലായിരുന്നു. എന്നാൽ മുറിച്ചെടുത്ത ഒരു കൈയ്യിൽ 'രാഹുൽ' എന്ന് ടാറ്റൂ ചെയ്തത് ശ്രദ്ധയിൽപ്പെട്ട പോലീസ്, കാണാതായവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ഷൂ വ്യാപാരിയായ രാഹുലാണെന്ന് തിരിച്ചറിഞ്ഞത്.
നവംബർ 18-ന് ഭർത്താവിനെ കാണാനില്ലെന്ന് റൂബി തന്നെ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ മൊഴികളിലെ വൈരുദ്ധ്യവും സിസിടിവി ദൃശ്യങ്ങളും റൂബിയെ സംശയനിഴലിലാക്കി. ദമ്പതികളുടെ 10 വയസ്സുകാരിയായ മകളുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. അച്ഛനും അമ്മയും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും, ഇടയ്ക്കിടെ മൂന്ന് പുരുഷന്മാർ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകി.
വീടിനുള്ളിൽ വെച്ച് രാഹുലിനെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി ശരീരം കഷണങ്ങളായി മുറിക്കുകയായിരുന്നു. തുടർന്ന് വിവിധ ബാഗുകളിലാക്കി സ്കൂട്ടറിൽ കൊണ്ടുപോയി പലയിടങ്ങളിലായി ഉപേക്ഷിച്ചു. രാഹുലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രക്തക്കറ പുരണ്ട വസ്ത്രങ്ങളും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് ഉൾപ്പെടെയുള്ള വസ്തുക്കളും പോലീസ് കണ്ടെടുത്തു.
റൂബി, കാമുകൻ ഗൗരവ്, സഹായിയായ മറ്റൊരാൾ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുലിന്റെ തലയും ബാക്കി ശരീരഭാഗങ്ങളും കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.