ലഖ്‌നൗ: ഉത്തർപ്രദേശിലെ ഏഠായിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മാതാപിതാക്കളെയും ഭാര്യയെയും മകളെയും ഗൃഹനാഥൻ അടിച്ചുകൊന്നു (UP Man Kills Family). കോട്‌വാലി നഗർ സ്വദേശിയായ കമൽ സിംഗാണ് ഈ ക്രൂരകൃത്യം ചെയ്തത്. അടുത്ത മാസം നടക്കാനിരുന്ന മകളുടെ വിവാഹത്തിനുള്ള പണം കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. കമൽ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
ഗംഗാ സിംഗ് (70), ഭാര്യ ശ്യാമ ദേവി (65), മകൾ ജ്യോതി (23), കമൽ സിംഗിന്റെ ഭാര്യ രത്ന ദേവി (43) എന്നിവരാണ് കൊല്ലപ്പെട്ടത്. ജനുവരി 19-ന് ഉച്ചഭക്ഷണത്തിനിടെയാണ് ദാരുണമായ സംഭവങ്ങളുടെ തുടക്കം. മകളുടെ വിവാഹച്ചെലവിനായി ഏകദേശം നാല് ലക്ഷം രൂപ ആവശ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭാര്യ രത്ന ദേവി ചോദിച്ച ചോദ്യങ്ങൾ കമൽ സിംഗിനെ പ്രകോപിപ്പിച്ചു. തർക്കം രൂക്ഷമായതോടെ ഇയാൾ ഭാര്യയെ കഴുത്തുഞെരിക്കുകയും സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കടിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ മകൾ ജ്യോതിയെയും ഇയാൾ അടിച്ചു വീഴ്ത്തി. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ബഹളം കേട്ടെത്തിയ മാതാവ് ശ്യാമ ദേവിയെയും തുടർന്ന് താഴത്തെ നിലയിൽ കട്ടിലിൽ കിടക്കുകയായിരുന്ന പിതാവ് ഗംഗാ സിംഗിനെയും ഇയാൾ കട്ട ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം കൈകാലുകൾ കഴുകി വസ്ത്രത്തിലെയും ചെരിപ്പിലെയും രക്തക്കറകൾ മായിക്കാൻ ശ്രമിച്ച പ്രതി, പിന്നീട് ബൈക്കിൽ കടന്നുകളഞ്ഞു. താനൊന്നുമറിഞ്ഞില്ലെന്ന് വരുത്തിത്തീർക്കാൻ അജ്ഞാതർ തന്റെ കുടുംബത്തെ അപായപ്പെടുത്തി എന്ന് കാട്ടി ഇയാൾ തന്നെയാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ചാറ്റുകളും ഫോറൻസിക് തെളിവുകളും കമൽ സിംഗിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കനത്ത പോലീസ് സുരക്ഷയിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
A man in Uttar Pradesh's Etah district has been arrested for murdering his elderly parents, wife, and daughter following severe financial stress and domestic discord. The accused, Kamal Singh, was struggling to raise ₹4 lakh for his daughter's wedding scheduled for next month. During a heated argument over expenses, he bludgeoned his family members with a cement brick. Although he initially tried to mislead the police by filing a complaint against unknown persons, forensic evidence and CCTV footage led to his confession.