ന്യൂഡൽഹി: മലയാളം ഉൾപ്പെടെ ആറ് പുതിയ പ്രാദേശിക ഭാഷകൾ വൊക്കേഷണൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ബംഗാളി എന്നീ പ്രാദേശിക ഭാഷകളെയാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയതെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.(UP includes 6 regional languages including Malayalam in the curriculum)
വാരണാസിയിൽ നടന്ന കാശി തമിഴ് സംഗമം 4.0-യുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഉത്തർപ്രദേശ് സർക്കാർ ഈ ഭാഷകളെ വൊക്കേഷണൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഇനി അവരുടെ ഇഷ്ടമനുസരിച്ച് ഈ ഭാഷകളിൽ ഒന്ന് തിരഞ്ഞെടുക്കാൻ കഴിയും. ഈ പഠനച്ചെലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ വഹിക്കും. യുവ വിദ്യാർത്ഥികളിൽ ഭാഷാപരമായ അവബോധം വളർത്തുന്നതിലൂടെ സാംസ്കാരിക ഐക്യം ശക്തിപ്പെടുകയും രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള ബന്ധം വളരുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരമാണ് കാശി തമിഴ് സംഗമം ഇന്ത്യയുടെ സാംസ്കാരിക പുനരുജ്ജീവനത്തിന്റെ പ്രതീകമായി മാറിയതെന്ന് യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശും തമിഴ്‌നാടും തമ്മിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, സംസ്ഥാനത്ത് നിന്ന് ആയിരക്കണക്കിന് ഭക്തർ എല്ലാ വർഷവും രാമേശ്വരം, മധുര, കന്യാകുമാരി എന്നിവിടങ്ങൾ സന്ദർശിക്കാനെത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി.
ഇവിടങ്ങളിലേക്കുള്ള പ്രത്യേക യാത്രാ പാക്കേജുകൾ ടൂറിസം വകുപ്പ് അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാശിയും തമിഴ് പാരമ്പര്യങ്ങളും തമ്മിലുള്ള പുരാതന ബന്ധം ഊന്നിപ്പറഞ്ഞ അദ്ദേഹം, കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് പൂജാസാമഗ്രികൾ വിതരണം ചെയ്യുന്നത് ചെട്ടിയാർ സമൂഹമാണെന്ന കാര്യം എടുത്തുപറഞ്ഞു.