

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ ബി.ജെ.പി നേതാവ് കുൽദീപ് സിങ് സെങ്കാറിന് ജാമ്യം ലഭിച്ചതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ അതിജീവിതയെയും കുടുംബത്തെയും ഡൽഹി പൊലീസ് ബലമായി നീക്കം ചെയ്തു. ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധിച്ച അതിജീവിതയെയും അമ്മയെയും പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് മാറ്റിയത്.
വിചാരണ കോടതി വിധിച്ച ശിക്ഷാ നടപടികൾ ഡൽഹി ഹൈകോടതി താത്കാലികമായി മരവിപ്പിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സുബ്രഹ്മണിയം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് സെങ്കാറിന് ജാമ്യം അനുവദിച്ചത്. 15 ലക്ഷം രൂപയുടെ ബോണ്ടും മൂന്ന് ആൾജാമ്യവുമാണ് വ്യവസ്ഥകൾ.
അതിജീവിതയുടെ വീടിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സെങ്കാർ പ്രവേശിക്കരുത്, അതിജീവിതയെയോ കുടുംബത്തെയോ ഭീഷണിപ്പെടുത്താൻ പാടില്ല. എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പാസ്‌പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം, തുടങ്ങി കർശന നിബന്ധനകളാണ് ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2017-ലാണ് ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എം.എൽ.എ ആയിരുന്ന സെങ്കാർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പിന്നീട് നടന്ന വാഹനാപകടത്തിൽ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിതാവ് ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും സെങ്കാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിചാരണ കോടതി ശിക്ഷിച്ചതിനെത്തുടർന്ന് സെങ്കാറിനെ ബി.ജെ.പിയിൽ നിന്ന് പുറത്താക്കിയിരുന്നു.
തന്നെയും കുടുംബത്തെയും തകർത്ത പ്രതിക്ക് ജാമ്യം അനുവദിച്ചതിലൂടെ നീതി നിഷേധിക്കപ്പെട്ടുവെന്നാണ് അതിജീവിതയുടെ ആരോപണം.