ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിലെ പ്രതി കുൽദീപ് സിംഗ് സെൻഗറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ അതിജീവിതയും കുടുംബവും സമരരംഗത്ത്. നീതി തേടി രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും നേരിൽ കാണാനാണ് അതിജീവിതയുടെ തീരുമാനം. സെൻഗറിൽ നിന്ന് ഇപ്പോഴും ഭീഷണി തുടരുകയാണെന്നും തങ്ങൾക്ക് ജീവന് ഭയമുണ്ടെന്നും കുടുംബം ആരോപിച്ചു.(Unnao rape case, Survivor to approach President and Prime Minister)
കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലെ കൊടുംതണുപ്പിനെ അവഗണിച്ച് ഇന്ത്യാ ഗേറ്റിന് സമീപം അതിജീവിതയും ബന്ധുക്കളും പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ, പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കുകയാണുണ്ടായത്. നിലവിൽ ഇവരെ ഡൽഹിയിലെ വസതിയിലേക്ക് മാറ്റിയതായാണ് വിവരം.
കോൺഗ്രസ് നേതൃത്വം ഇവർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിതയുടെ മാതാവ് വ്യക്തമാക്കി. പരമോന്നത നീതിപീഠത്തിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.