ഉന്നാവോ പീഡന കേസ്: CBI ഉദ്യോഗസ്ഥർ പ്രതിയുമായി ഒത്തുകളിച്ചെന്ന് അതിജീവിത; ജന്തർമന്തറിൽ പ്രതിഷേധത്തിനിടെ കുഴഞ്ഞു വീണു, സുപ്രീംകോടതി ഇന്ന് അപ്പീൽ പരിഗണിക്കും | Unnao rape case

ഉദ്യോഗസ്ഥർക്കെതിരെ ആറ് പേജുള്ള പരാതി
Unnao rape case, Survivor alleges CBI officials colluded with accused
Updated on

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ പ്രതി ബിജെപി മുൻ നേതാവ് കുൽദീപ് സിങ് സെൻഗാറിനെ സഹായിക്കാൻ സിബിഐ ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്ന ഗുരുതര ആരോപണവുമായി അതിജീവിത. വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ അട്ടിമറിയുണ്ടെന്ന് കാട്ടി അതിജീവിത സിബിഐക്ക് പരാതി നൽകി. ഇതിനിടെ, കേസിൽ സിബിഐ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.(Unnao rape case, Survivor alleges CBI officials colluded with accused)

സിബിഐക്ക് നൽകിയ ആറ് പേജുള്ള പരാതിയിൽ അന്വേഷണ ഘട്ടം മുതൽ അട്ടിമറി ശ്രമങ്ങൾ നടന്നതായി അതിജീവിത ആരോപിക്കുന്നു. ഹൈക്കോടതിയിൽ വാദങ്ങൾ അവതരിപ്പിക്കുന്നതിൽ സിബിഐ അഭിഭാഷകർ മനപ്പൂർവ്വം വീഴ്ച വരുത്തി. തന്റെ മൊഴികളിൽ ഉദ്യോഗസ്ഥർ കൃത്രിമത്വം കാട്ടിയെന്നും സെൻഗാറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും അതിജീവിത ആരോപിക്കുന്നു.

കോടതി നടപടികളിലും അന്വേഷണത്തിലും ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചകൾ സെൻഗാറിന് ജാമ്യം ലഭിക്കാൻ കാരണമായെന്നും പരാതിയിൽ പറയുന്നു. ഹൈക്കോടതി വിധിക്ക് എതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് സിബിഐ നൽകിയ അപ്പീൽ സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സെൻഗാറിന് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജിയും കോടതിയുടെ പരിഗണനയ്ക്ക് വരും.

നീതി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ അതിജീവിതയും അമ്മയും പ്രതിഷേധ സമരം നടത്തി. വിവിധ വിദ്യാർത്ഥി-വനിതാ സംഘടനകൾ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട സമരത്തിനിടെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അതിജീവിതയും അമ്മയും കുഴഞ്ഞുവീണു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com