ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസ് അതിജീവിതയുടെ പിതാവ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ശിക്ഷ മരവിപ്പിക്കണമെന്ന കുൽദീപ് സിംഗ് സെൻഗാറിൻ്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. കുൽദീപ് സിങ് സെൻഗാർ ദീർഘകാലമായി തടവ് അനുഭവിക്കുന്നുണ്ടെങ്കിലും, അതിന്റെ പേരിൽ ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്ന് ജസ്റ്റിസ് രവീന്ദർ ദുഡേജ വ്യക്തമാക്കി. (Unnao rape case, Delhi High Court rejects Kuldeep Singh Sengar's plea)
ശിക്ഷ മരവിപ്പിക്കാൻ തക്കതായ കാരണങ്ങൾ ഹർജിയിൽ ബോധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, കേസ് ഫെബ്രുവരി 3-ലേക്ക് മാറ്റി. 2017-ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ സെൻഗാർ പ്രതിയായിരുന്നു. ഇതിന് പിന്നാലെ 2018 ഏപ്രിൽ 9-നാണ് അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ വെച്ച് മരിക്കുന്നത്.
2020 മാർച്ച് 13-ന് വിചാരണ കോടതി സെൻഗാറിന് 10 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. ഒരു കുടുംബത്തിന്റെ ഏക വരുമാനക്കാരനെ ഇല്ലാതാക്കിയ നടപടിയിൽ വിട്ടുവീഴ്ച സാധ്യമല്ലെന്നായിരുന്നു കോടതിയുടെ അന്നത്തെ നിരീക്ഷണം. സെൻഗാറിന്റെ സഹോദരൻ അതുൽ സിങ് സെൻഗാർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ഇതേ കേസിൽ 10 വർഷം തടവ് വിധിച്ചിരുന്നു.