ഉന്നാവോയിലെ നിലയ്ക്കാത്ത നിലവിളിയും അപ്രതീക്ഷിത കോടതി വിധിയും; പ്രതിക്ക് ജാമ്യം ലഭിക്കുമ്പോൾ തോൽക്കുന്നത് ഇരയുടെ കണ്ണുനീരോ? | Unnao Rape Case

കസ്റ്റഡി മരണങ്ങൾ മുതൽ ആസൂത്രിത അപകടങ്ങൾ വരെ
  Unnao Rape Case
Updated on

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും രാഷ്ട്രീയ ധാർമ്മികതയെയും ചോദ്യം ചെയ്ത ഉന്നാവോ പീഡനക്കേസ് (Unnao Rape Case) വീണ്ടും വാർത്തകളിൽ നിറയുകയാണ്. 2025 ഡിസംബർ അവസാന വാരത്തിൽ ഡൽഹി ഹൈക്കോടതിയിൽ നിന്നുണ്ടായ നിർണ്ണായകമായ ഒരു ഉത്തരവാണ് ഉന്നാവോ കേസിലേക്ക് വീണ്ടും ജനശ്രദ്ധ തിരിക്കുന്നത്. പീഡനക്കേസിലെ മുഖ്യപ്രതിയായ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവ് ഹൈക്കോടതി മരവിപ്പിക്കുകയും അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ഈ വിധിയിൽ പ്രതിഷേധിച്ച് ഡൽഹി ഇന്ത്യ ഗേറ്റിന് സമീപം സമരം ചെയ്ത അതിജീവിതയെയും കുടുംബത്തെയും പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. തനിക്ക് നീതി ലഭിച്ചില്ലെന്നും, പ്രതി പുറത്തിറങ്ങിയാൽ തന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണെന്നും അതിജീവിതയും കുടുംബവും ഭയപ്പെടുന്നു. ഭരണകൂടത്തിന്റെ തണലുള്ള ഒരു ജനപ്രതിനിധിക്ക് എതിരെ ശബ്ദമുയർത്തിയ ഒരു പെൺകുട്ടിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്.

2017 ജൂൺ 4, ഉത്തർപ്രദേശിലെ ഉന്നാവോ ജില്ലാ. അവിടെ ബംഗർമൗ നിയമസഭാ മണ്ഡലത്തിലെ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന്റെ വീട്ടിൽ 17 വയസ്സുകാരിയായ പെൺകുട്ടി ജോലി ആവശ്യത്തിനായി എത്തുന്നു. കുടുംബം നേരിടുന്ന പ്രശനങ്ങൾ കാരണമാകാം ആ കുഞ്ഞ് ചെറുപ്രായത്തിൽ ഒരു ജോലി അന്വേഷിച്ച് ഇറങ്ങിയത്. എംഎൽഎ സഹായിച്ചാൽ ചിലപ്പോൾ തനിക്ക് ഒരു ജോലി തരപ്പെടുത്തി തരാൻ കഴിയും എന്ന് ആ കുഞ്ഞ് വിശ്വസിച്ചു. എന്നാൽ സാധാരണക്കാരന്റെ നിസ്സഹായനായത ചുഷണം ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന അധികാരവർഗ്ഗം ആ പെൺകുഞ്ഞിനെ വെറുതെവിട്ടില്ല. എംഎൽഎയും കൂട്ടാളികളും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കാരണം മാസങ്ങളോളം പോലീസ് കേസെടുക്കാൻ തയ്യാറായില്ല. ഒടുവിൽ നീതി ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ 2018 ഏപ്രിലിൽ പെൺകുട്ടി യുപി മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

അങ്ങനെ ഉന്നാവോയിലെ ക്രൂരതയെക്കുറിച്ച് പുറംലോകം അറിഞ്ഞു തുടങ്ങി. എന്നാൽ ഇതിന് പ്രതികാരം എന്നോണം പ്രതികൾ പെൺകുട്ടിയുടെ അച്ഛനെ ലക്ഷ്യം വെച്ചു. പീഡന പരാതി പിൻവലിക്കാൻ വിസമ്മതിച്ച അദ്ദേഹത്തെ സെൻഗറിന്റെ സഹോദരനും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. നിയമത്തെ നോക്കുകുത്തിയാക്കി ആ സാധുമനുഷ്യനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. ജയിലിൽ വെച്ച് അതിജീവിതയുടെ പിതാവിന് നേരിടേണ്ടി വന്നത് അതിക്രൂര മർദ്ദനങ്ങളായിരുന്നു. ഒടുവിൽ 2018 ഏപ്രിൽ 9-ന് അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെട്ടു. ഒരു പെൺകുട്ടിയുടെ നീതിക്കായുള്ള പോരാട്ടത്തിൽ ആദ്യത്തെ ബലിക്കല്ല് സ്വന്തം പിതാവായിരുന്നു. ഇതോടെ അതിജീവിതയും കുടുംബവും കേസിൽ നിന്നും പിന്മാറും എന്ന് പ്രതികൾ കരുതി. എന്നാൽ അങ്ങനെ സംഭവിച്ചില്ല, അവർ നിയമപോരാട്ടം തുടർന്നു. 2018 ഏപ്രിലിൽ അതിജീവിത ആത്മഹത്യയ്ക്ക് ശ്രമിച്ചതും പിതാവ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതും ഉയർത്തിയ വലിയ പ്രതിഷേധങ്ങളെത്തുടർന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തതും കുൽദീപ് സിംഗ് സെൻഗറിനെ അറസ്റ്റ് ചെയ്തു.

ക്രൂരതകൾ അവസാനിച്ചില്ല. 2019 ജൂലൈയിൽ അതിജീവിതയും അഭിഭാഷകനും രണ്ട് അമ്മായിമാരും സഞ്ചരിച്ചിരുന്ന കാറിൽ അതിവേഗത്തിൽ വന്ന ഒരു ട്രക്ക് ഇടിച്ചുകയറി. അതൊരു അപ്രതീക്ഷിത അപകടമായിരുന്നില്ല. ഇരയെ കൊല്ലാൻ മുൻകൂട്ടി തയ്യാറാക്കിയ വ്യക്തമായ പദ്ധതിയായിരുന്നു അത്. ട്രക്കിന്റെ നമ്പർ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മറച്ചിരുന്നു എന്നത് ഇതൊരു ആസൂത്രിത കൊലപാതകശ്രമമാണെന്ന സംശയം ബലപ്പെടുത്തി. ഭാഗ്യമോ നിർഭാഗ്യമോ അപകടത്തിൽ അതിജീവിതയുടെ രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടു. അതിജീവിതയ്ക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും മാസങ്ങളോളം അവർ മരണത്തോട് മല്ലിടുകയും ചെയ്തു.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സാധ്യതയുള്ളതിനാൽ സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം വിചാരണ ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിലെ തീസ് ഹസാരി കോടതിയിലേക്ക് മാറ്റി. 2019 ഡിസംബറിൽ വിചാരണ കോടതി സെൻഗറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് (POCSO നിയമപ്രകാരം) മരണം വരെ തടവ് അനുഭവിക്കേണ്ട ജീവപര്യന്തം ശിക്ഷയും 25 ലക്ഷം രൂപ പിഴയും വിധിച്ചു.

എന്നാൽ, 2025 ഡിസംബർ അവസാന വാരത്തിൽ പുറത്തുവന്ന ഡൽഹി ഹൈക്കോടതിയുടെ വിധി അതിജീവിതയെയും കുടുംബത്തെയും വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ശിക്ഷാവിധി മരവിപ്പിച്ചുകൊണ്ട് കോടതി സെൻഗറിന് ജാമ്യം അനുവദിച്ചു. എംഎൽഎ എന്നത് ഒരു 'പൊതുസേവകൻ' എന്ന നിർവചനത്തിൽ വരുമോ എന്ന സാങ്കേതിക തർക്കമാണ് പ്രതിക്ക് തുണയായത്. ഇതിനെതിരെ ഡൽഹി ഇന്ത്യ ഗേറ്റിന് സമീപം പ്രതിഷേധിച്ച അതിജീവിതയെയും അമ്മയെയും പോലീസ് ബലംപ്രയോഗിച്ച് നീക്കം ചെയ്തത് വലിയ വിവാദമായി. പ്രതി പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും, സാമ്പത്തികമായി തകർന്ന തങ്ങൾക്ക് ഇനി പോരാടാൻ കരുത്തില്ലെന്നും അതിജീവിതയും കുടുംബവും നിറകണ്ണുകളോടെ ലോകത്തോട് വിളിച്ചു പറഞ്ഞു. സിആർപിഎഫ് സുരക്ഷയിൽ ഇന്നും ഭീതിയോടെ കഴിയുന്ന ഈ കുടുംബത്തിന് നീതി ലഭിക്കുമോ അതോ അധികാരത്തിന് മുന്നിൽ നീതിപീഠം വീണ്ടും കണ്ണടയ്ക്കുമോ എന്നതാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്. 2025 ഡിസംബർ 25-ന്, അതിജീവിത കടുത്ത സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

Summary

The Unnao rape case is a harrowing crime story involving former MLA Kuldeep Singh Sengar. The survivor faced a series of tragedies for seeking justice: her father died in police custody after a brutal assault in 2018, and two of her aunts were killed in a suspicious truck accident in 2019, which also left her critically injured. Despite Sengar's conviction in 2019, the Delhi High Court granted him bail in late December 2025 on technical grounds. The survivor and her mother were recently detained by police while protesting this decision at India Gate. Living under CRPF protection and facing severe financial crisis, the family now pins their last hopes on the Supreme Court.

Related Stories

No stories found.
Times Kerala
timeskerala.com