ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ പര്യടനം നടത്തുന്നതിനിടെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാ ആര്യമാൻ സിന്ധ്യയ്ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പിച്ചോർ നിയമസഭാ മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.(Union Minister Jyotiraditya Scindia's son injured)
യാത്രയ്ക്കിടെ കാറിന്റെ സൺറൂഫിലൂടെ പുറത്തേക്ക് നിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുകയായിരുന്നു മഹാ ആര്യമാൻ. ഇതിനിടെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതോടെ സൺറൂഫിന്റെ മുൻഭാഗത്ത് ആര്യമാന്റെ നെഞ്ച് ശക്തമായി ഇടിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കാര്യമായ ബുദ്ധിമുട്ടുകൾ തോന്നിയില്ലെങ്കിലും പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ശിവപുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ഇസിജി, എക്സ്-റേ പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കി. പേശികൾക്കേറ്റ പരിക്കാണ് വേദനയ്ക്ക് കാരണമെന്നും മറ്റ് ആന്തരിക പരിക്കുകൾ ഇല്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.