ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിന് മുന്നോടിയായുള്ള നിർണ്ണായക സാമ്പത്തിക സർവേ റിപ്പോർട്ട് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ വികസന കാഴ്ചപ്പാടുകളും കഴിഞ്ഞ വർഷത്തെ സാമ്പത്തിക അവലോകനവും അടങ്ങുന്നതാണ് ഈ റിപ്പോർട്ട്.(Union Budget, Economic Survey report in Parliament today)
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യ 7.4 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടിലെ സൂചനകൾ നൽകുന്ന ആവേശം. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. സർക്കാരിന്റെ സാമ്പത്തിക മുൻഗണനകളെക്കുറിച്ചുള്ള സൂചനകൾ ഇതിലുണ്ടാകും.
ഇന്നലെ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. അഴിമതിരഹിത ഭരണം ഉറപ്പാക്കിയ കേന്ദ്ര സർക്കാരിനെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചും പ്രസംഗത്തിൽ പരാമർശിച്ചു.
ശ്രീനാരായണ ഗുരുവിന്റെ വചനങ്ങൾ ഉദ്ധരിച്ചാണ് രാഷ്ട്രപതി സംസാരിച്ചത്. പുതിയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പരാമർശിച്ചപ്പോൾ പ്രതിപക്ഷം സഭയിൽ ബഹളം വെച്ചു. പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, ഇന്നത്തെ സാമ്പത്തിക സർവേ റിപ്പോർട്ട് രാജ്യത്തിന്റെ സാമ്പത്തിക ദിശയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകും.