ന്യൂഡൽഹി: മോദി സർക്കാരിന്റെ മൂന്നാം ഊഴത്തിലെ മൂന്നാമത്തെ സമ്പൂർണ്ണ ബജറ്റ് നാളെ (ഫെബ്രുവരി 1) രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും (Union Budget 2026). തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയെന്ന റെക്കോർഡ് ഇതോടെ നിർമ്മല സീതാരാമൻ സ്വന്തമാക്കും. ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ചയാണെന്ന പ്രത്യേകതയുമുണ്ട്. അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ശാക്തീകരണം എന്നിവയ്ക്കായിരിക്കും ഇത്തവണത്തെ ബജറ്റിൽ മുൻഗണന നൽകുകയെന്നാണ് സൂചനകൾ.
ആദായനികുതി ഘടനയിൽ കാതലായ മാറ്റങ്ങൾ മധ്യവർഗം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വലിയ ഇളവുകൾക്ക് സാധ്യത കുറവാണെന്നാണ് റിപ്പോർട്ടുകൾ. പുതിയ നികുതി സമ്പ്രദായത്തിലേക്ക് (New Tax Regime) കൂടുതൽ ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാം. ഇതിന്റെ ഭാഗമായി സ്റ്റാൻഡേർഡ് ഡിഡക്ഷൻ നിലവിലെ 75,000 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയായി ഉയർത്താൻ സാധ്യതയുണ്ട്. കൂടാതെ, ഭവനവായ്പ പലിശയിന്മേലുള്ള ഇളവ് പുതിയ സമ്പ്രദായത്തിലും ഉൾപ്പെടുത്തിയേക്കുമെന്നും നികുതിദായകർ കരുതുന്നു. ആദായനികുതി നിയമങ്ങൾ ലളിതമാക്കുന്നതിനും റീഫണ്ടുകൾ വേഗത്തിലാക്കുന്നതിനുമുള്ള നടപടികളും ബജറ്റിൽ ഇടംപിടിച്ചേക്കും.
റെയിൽവേ മേഖലയിൽ വലിയ പ്രഖ്യാപനങ്ങളാണ് രാജ്യം ഉറ്റുനോക്കുന്നത്. മുന്നൂറിലധികം പുതിയ ട്രെയിനുകൾ, വന്ദേ ഭാരത്, അമൃത് ഭാരത് സർവീസുകളുടെ വിപുലീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെക്കാലമായി കാത്തിരിക്കുന്ന എയിംസ് (AIIMS), കെ-റെയിലിന് പകരമായുള്ള അതിവേഗ റെയിൽ പദ്ധതികൾ, ശബരി റെയിൽ എന്നിവയ്ക്കുള്ള അനുമതിയും ഫണ്ടും ലഭ്യമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുൻനിർത്തി സാമൂഹിക സുരക്ഷാ പദ്ധതികൾക്കും കാർഷിക മേഖലയ്ക്കും ബജറ്റിൽ പ്രത്യേക പരിഗണന ലഭിച്ചേക്കാം.
അതേസമയം, രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം നിലനിർത്തുന്നതിനായി ധനക്കമ്മി 4.4 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉൽപ്പാദന മേഖലയിലെ ഉണർവിനായി പിഎൽഐ (PLI) പദ്ധതികളുടെ വിപുലീകരണവും ഹരിത ഊർജ്ജത്തിനായുള്ള സബ്‌സിഡികളുടെ വർദ്ധനവും ബജറ്റിൽ പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള നടപടികളും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചേക്കും.
Summary
Finance Minister Nirmala Sitharaman is set to create history by presenting her ninth consecutive Union Budget tomorrow at 11 AM. While significant income tax slab changes are unlikely, an increase in the standard deduction to ₹1 lakh and major infrastructure investments are expected. Kerala remains hopeful for the long-awaited AIIMS and approvals for high-speed rail projects.

