
ന്യൂഡൽഹി: സംസ്ഥാനത്ത് അരങ്ങേറുന്ന വർഗീയ സംഘർഷങ്ങളിൽ മണിപ്പൂർ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി എൻ. ബീരേൺ സിങ്. 'നിർഭാഗ്യകരമായ സംഭവങ്ങളാണ് ഈ വർഷം ഉണ്ടായത്. കഴിഞ്ഞ മെയ് മൂന്നു മുതൽ ഇന്നുവരെ സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ മാപ്പു ചോദിക്കുന്നു. നിരവധി ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. നിരവധി പേർക്ക് വീട് ഉപേക്ഷിക്കേണ്ടി വന്നു. ഖേദം പ്രകടിപ്പിക്കുന്നു. ക്ഷമ ചോദിക്കുന്നു' -ബീരേൺ സിങ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് നാല് മാസമായി സംസ്ഥാനം സമാധാനത്തിലൂടെ കടന്നുപോകുന്നത് പ്രതീക്ഷ പകരുന്നു. 2025ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ട്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും അഭ്യർഥിക്കുകയാണ്, സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങൾ കഴിഞ്ഞ തെറ്റുകൾ ക്ഷമിക്കുകയും മറക്കുകയും ചെയ്യണം, സമാധാനവും സമൃദ്ധവുമായ മണിപ്പൂരിനായി ഒരു പുതിയ ജീവിതം ആരംഭിക്കനാമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.