ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ സർക്കാരിൽ നേരിട്ട് അധികാര പങ്കാളിത്തം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്. കേവലം സഖ്യകക്ഷിയായി ഒതുങ്ങാൻ തയ്യാറല്ലെന്നും, വിജയിച്ചാൽ മന്ത്രിസഭയുടെ ഭാഗമാകണമെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോർ വ്യക്തമാക്കി.(Unexpected changes in Tamil Nadu politics, Congress seeks government partnership)
40 സീറ്റുകൾ ആവശ്യപ്പെട്ട കോൺഗ്രസ്, നിലവിൽ 38 സീറ്റുകൾ എന്ന വിട്ടുവീഴ്ചാ നിലപാടിലാണ്. എന്നാൽ, 32 സീറ്റുകൾ മാത്രമേ നൽകാൻ കഴിയൂ എന്ന നിലപാടിൽ ഡിഎംകെ ഉറച്ചുനിൽക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി ഡിഎംകെയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന രീതി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ഡിഎംകെ സഖ്യത്തിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ, നടൻ വിജയുടെ തമിഴക വെട്രി കഴകം കോൺഗ്രസിനെ സ്വാഭാവിക സഖ്യകക്ഷിയായി വിശേഷിപ്പിച്ചത് വലിയ ചർച്ചയായിട്ടുണ്ട്. വിജയും രാഹുൽ ഗാന്ധിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവർ തമ്മിൽ സഖ്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ടിവികെ വക്താവ് ഫെലിക്സ് ജെറാൾഡ് അവകാശപ്പെട്ടു.