
ഭുവനേശ്വർ: ഭുവനേശ്വറിൽ സംസ്ഥാന സർക്കാർ ജീവനക്കാരനും സംസ്ഥാന ഗ്രാമവികസന വകുപ്പിലെ ചീഫ് എഞ്ചിനീയറുമായ ബൈകുന്ത നാഥ് സാരംഗിന്റെ ഫ്ലാറ്റിൽ വിജിലൻസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത രണ്ട് കോടിയിലധികം രൂപയും വിലപ്പെട്ട സ്വത്തുക്കളും കണ്ടെത്തി(Vigilance raid).
വിജിലൻസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഇയാൾ ജനാലയിലൂടെ 500 രൂപയുടെ നോട്ടുക്കെട്ടുകൾ പുറത്തേക്ക് എറിഞ്ഞതായാണ് വിവരം. ഇയാൾ വളരെക്കാലമായി നിരീക്ഷണത്തിലായിരുന്നു. വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചുവെന്ന കുറ്റമാണ് ഇയാൾക്കേതിരെ വിജിലൻസ് ചുമത്തിയിരിക്കുന്നത്. വീടുകളിലും എഞ്ചിനീയറുടെ ഓഫീസിലും പരിശോധന പുരോഗമിക്കുകയാണ്.