ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലും പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലും ബിഎൽഒമാർ ആത്മഹത്യ ചെയ്തു. എസ്ഐആറിന്റെ ഭാഗമായ ജോലി സമ്മർദം താങ്ങാനാവാതെയാണ് ആത്മഹത്യയെന്ന് ഇരുവരുടെയും കുടുംബം ആരോപിച്ചു. കള്ളക്കുറിച്ചിയിൽ വില്ലേജ് അസിസ്റ്റന്റായ ജഖിത ബീഗം (37), നാദിയയിലെ കൃഷ്ണനഗറിൽ റിങ്കു തരഫ്ദാർ എന്നിവരാണ് ജീവനൊടുക്കിയത്.
കള്ളക്കുറിച്ചി സണ്ടൈപ്പേട്ടയിലെ വീട്ടിൽ തൂങ്ങിയ നിലയിലാണ് ജഖിത ബീഗത്തെ കണ്ടെത്തിയത്. ജോലിക്ക് പോയിരുന്ന ഇവർ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയതിനു പിന്നാലെ തൂങ്ങി മരിക്കുകയായിരുന്നു. എസ്‌ഐആറിന്റെ എന്യുമറേഷന്‍ ഫോമുമായി ബന്ധപ്പെട്ട ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള അമിത ജോലിഭാരവും സമ്മര്‍ദ്ദവും കാരണമാണ് മരണമെന്നാണ് ജഖിത ബീഗത്തിന്റെ ഭർത്താവ് മുബാറക്ക് ആരോപിച്ചു. പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബംഗാളിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തി. കൃഷ്ണനഗറിലെ വീട്ടിൽ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് റിങ്കു തരഫ്ദാറിനെ കണ്ടെത്തിയത്. എസ്ഐആറിന്റെ ഭാഗമായി കടുത്ത ജോലി സമ്മർദത്തിലായിരുന്നു റിങ്കു എന്ന് ബന്ധുക്കൾ ആരോപിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചതായും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.