ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിലെ ചാവേറായ ഉമർ ആക്രമണത്തിന് ഒരാഴ്ച മുൻപ് ജമ്മു കശ്മീരിലെ പുൽവാമയിലുള്ള കുടുംബവീട് സന്ദർശിച്ചതായി റിപ്പോർട്ട്. വീട്ടിലെത്തിയപ്പോൾ ഉമർ തന്റെ സഹോദരന് നൽകിയ ഫോണിൽനിന്നാണ് ചാവേർ ആക്രമണങ്ങളെ പ്രകീർത്തിക്കുന്ന നിർണ്ണായകമായ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചത്. ചാവേർ ആക്രമണം രക്തസാക്ഷിത്വമാണ് എന്ന് ന്യായീകരിക്കുന്ന ഉമറിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.(Umar reached home before the attack, Crucial information on Delhi blast revealed)
കുടുംബ വീട്ടിൽ നിന്ന് മടങ്ങുന്നതിനു മുൻപ്, ഉമർ തന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളിൽ ഒന്ന് സഹോദരനു കൈമാറുകയായിരുന്നു. ഇതിനുശേഷം ഇയാൾ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലേക്ക് തിരിച്ചുപോയി. ഉമറിന്റെ സഹപ്രവർത്തകർ അറസ്റ്റിലായ വിവരം സഹോദരൻ അറിഞ്ഞിരുന്നു. പരിഭ്രാന്തനായ ഇദ്ദേഹം, ഉമർ നൽകിയ ഫോൺ പുൽവാമയിലെ വീടിനടുത്തുള്ള ഒരു കുളത്തിൽ വലിച്ചെറിഞ്ഞു.
ഉമറിന്റെ കൈവശമുണ്ടായിരുന്ന രണ്ട് ഫോണുകളും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. രണ്ടും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെങ്കിലും, അവസാന ലൊക്കേഷനുകൾ ഡൽഹിയിലും പുൽവാമയിലുമായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ പുൽവാമയിലെ ഉമറിന്റെ വീട്ടിലെത്തിയത്.
നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ, തനിക്ക് ഒരു ഫോൺ ലഭിച്ചിരുന്നുവെന്നും അത് കുളത്തിൽ വലിച്ചെറിഞ്ഞെന്നും സഹോദരൻ വെളിപ്പെടുത്തി."വെള്ളം കയറിയതിനാൽ ഫോണിന് കേടുപാടുകൾ സംഭവിച്ചിരുന്നു, മദർബോർഡും തകരാറിലായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്ക് ഉമറിന്റെ വീഡിയോ വീണ്ടെടുക്കാൻ സാധിച്ചത്," ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അൽ ഫലാഹ് സർവകലാശാലയിലെ പതിനേഴാം നമ്പർ കെട്ടിടത്തിലെ പതിമൂന്നാം നമ്പർ മുറിയിൽ വെച്ചാണ് ഉമർ ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് ഡൽഹിയിൽ ചാവേറാക്രമണം നടന്നത്. അതിനുശേഷമാണ് കുളത്തിൽ നിന്ന് ഫോൺ കണ്ടെടുത്തത്.
അതേസമയം, ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഉമറിനും സംഘത്തിനും പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ (ISI) സഹായം ലഭിച്ചതായി അന്വേഷണ ഏജൻസികളുടെ അനുമാനം. ഉമർ സ്വയം വീഡിയോ ചിത്രീകരിച്ചതിന് പിന്നിലും ഐ.എസ്.ഐയുടെ പങ്ക് എൻ.ഐ.എ. (NIA) പരിശോധിക്കുന്നുണ്ട്. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്തിയതോടെ അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്
സ്ഫോടനത്തിന് ശേഷം അൽ ഫലാഹ് സർവകലാശാലയിലെ മസ്ജിദിനോട് ചേർന്ന ഗേറ്റിലൂടെയാണ് ഉമർ രക്ഷപ്പെട്ടത്. തുടർന്ന് ഒൻപത് ദിവസം ഇയാൾ ഹരിയാനയിലെ നൂഹിൽ ഒളിവിൽ താമസിച്ചു. ഫോൺ ചാർജ് ചെയ്യാനായി ഒരു മെഡിക്കൽ സ്റ്റോറിൽ കയറിയതടക്കമുള്ള ഉമറിൻ്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഉമർ ഒരു ഐ20 കാറിൽ കറങ്ങിനടന്നതായി പലരും മൊഴി നൽകിയിട്ടുണ്ട്.
ഉമറിനെ വാഹനത്തിൽ കൊണ്ടുനടന്ന മെഡിക്കൽ കോളേജിലെ നേഴ്സായ ഷൊയിബിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. രാജ്യത്ത് വൻ ആക്രമണങ്ങൾ നടത്താൻ ഭീകരവാദികളുടെ ശൃംഖല പദ്ധതിയിട്ടതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു.
ഹമാസ് മാതൃകയിൽ ഡ്രോൺ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ചെങ്കോട്ട സ്ഫോടനം നടത്തിയ സംഘം ഇതിനായി ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാൻ പദ്ധതിയിട്ടെന്ന് എൻ.ഐ.എ. കണ്ടെത്തി.
സ്ഫോടകവസ്തുക്കൾ ഡ്രോണുകളിൽ ഘടിപ്പിച്ച് ഡൽഹി അടക്കമുള്ള നഗരങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. കാറുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് ചാവേറായി പൊട്ടിത്തെറിക്കുന്നത് കൂടാതെ മറ്റ് ആക്രമണ രീതികളും സംഘം ആസൂത്രണം ചെയ്തിരുന്നു. അറസ്റ്റിലായ ഷഹീൻ രണ്ട് വർഷം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്നു. തുർക്കിക്ക് പുറമെ മാൽദ്വീപിലേക്കും ഇയാൾ യാത്ര ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉമർ ഉൻ നബിയാണ് ചാവേറെന്ന് എൻ.ഐ.എ. സ്ഥിരീകരിച്ചു. ചാവേറായി പൊട്ടിത്തെറിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് ഉമർ നബി സ്വയം ചിത്രീകരിച്ച വീഡിയോ പുറത്തുവന്നു. ചാവേറാകുന്നതിനെക്കുറിച്ച് സമൂഹം തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ചാവേറായുള്ള മരണം വീരമൃത്യുവാണെന്നും ഉമർ വീഡിയോയിൽ പറയുന്നുണ്ട്.
സ്ഫോടനത്തിന് രണ്ട് മാസം മുൻപ് ചിത്രീകരിച്ച ഈ വീഡിയോ ടെലഗ്രാമിലാണ് ഉമർ പോസ്റ്റ് ചെയ്തിരുന്നത്. വീഡിയോയുടെ ആധികാരികത അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. ചാവേറായി പൊട്ടിത്തെറിച്ച ഉമർ ഉൻ നബിക്ക് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയ അമീർ റാഷിദ് അലി ഉൾപ്പെടെയുള്ളവരെ എൻ.ഐ.എ. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.