ഡൽഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 16 മുതൽ 29 വരെയാണ് ജാമ്യം.
29 വൈകുന്നേരം ഉമർ ഖാലിദ് കീഴടങ്ങണം. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നാണ് കോടതി നിർദേശം. കുടുംബാംഗങ്ങളെ കാണാൻ മാത്രമേ ഉമർ ഖാലിദിന് അനുവാദമുള്ളൂ.
അതേസമയം, 2020 സെപ്തംബറിലാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമ വിരുദ്ധമായി സംഘം ചേരൽ, യുഎപിഎ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.
നേരത്തെ, ഡൽഹി ഹൈക്കോടതിയും വിചാരണാ കോടതിയും ഉമറിന് ജാമ്യം നിഷേധിച്ചിരുന്നു. രണ്ട് വർഷം മുമ്പ് മറ്റൊരു സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.