ഡൽഹി സ്ഫോടനം നടത്തിയത് ഉമർ: ശരീര ഭാഗങ്ങൾ ഭീകരൻ്റേതെന്ന് DNA പരിശോധനയിൽ സ്ഥിരീകരിച്ചു, 500 മീറ്റർ അകലെ വരെ മൃതദേഹ ഭാഗം, ഒരു ഡോക്ടർ കൂടി അറസ്റ്റിൽ, ഡിസംബർ 6ന് ചെങ്കോട്ടയിൽ വൻ സ്ഫോടനം ലക്ഷ്യമിട്ടു | Delhi blast

പ്രതികളുടെ തുർക്കി ബന്ധം അന്വേഷിക്കുന്നു
Umar carried out Delhi blast, DNA test confirms body parts belong to the terrorist
Published on

ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന വിനാശകരമായ സ്ഫോടനം നടത്തിയത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണെന്ന് ഡി.എൻ.എ. പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സ്ഫോടനത്തിൽ ശരീരം ചിന്നിച്ചിതറിയതിനാൽ ഇയാളെ തിരിച്ചറിയാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചിരുന്നില്ല.(Umar carried out Delhi blast, DNA test confirms body parts belong to the terrorist)

കാറിൽനിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡി.എൻ.എ. സാമ്പിളുകളും കുടുംബാംഗങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് സ്ഫോടനം നടത്തിയത് ഉമർ തന്നെയാണെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) ഉറപ്പിച്ചത്. നവംബർ 10-നുണ്ടായ ഈ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ഭാഗങ്ങളിലൊന്നായ പഴയ ഡൽഹിയിൽ നടന്ന സ്ഫോടനം കടകളുടെ മുൻവശങ്ങൾ തകർക്കുകയും വലിയ പരിഭ്രാന്തി പരത്തുകയും ചെയ്തു.

ആക്രമണത്തിന് ഉപയോഗിച്ച വെളുത്ത ഹ്യുണ്ടായ് ഐ20 കാർ, സ്ഫോടനത്തിന് 11 ദിവസം മുമ്പ് ഡോ. ഉമറാണ് വാങ്ങിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അന്വേഷണം ഊർജിതമാക്കി. ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി തെരച്ചിൽ ആരംഭിച്ചു. നിലവിലെ നിഗമനമനുസരിച്ച്, രണ്ടിലധികം ഡോക്ടർമാർ കൂടി ഭീകരരുടെ നെറ്റ്‍വർക്കിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഭീകരൻ ഉമറിൻ്റെ സുഹൃത്ത് താരിഖിന് വിറ്റ ഡീലറെ കണ്ടെത്തി. കാർ ഒന്നരലക്ഷം രൂപയ്ക്കാണ് വിൽപ്പന നടത്തിയത്. കാർ വാങ്ങാനായി താരിഖ് ഉൾപ്പെടെ രണ്ടു പേരാണ് എത്തിയിരുന്നത്. എന്നാൽ രണ്ടാമത്തെ ആളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ഡീലറായ അമിത് പറഞ്ഞു.

കശ്മീരിൽ അറസ്റ്റിലായ ഡോക്ടർ സജാദ് മാലിക്ക്, മറ്റൊരു പ്രതിയായ മുസമിലിൻ്റെ സുഹൃത്താണ്. ഉമർ വാങ്ങിയ ചുവന്ന കാർ മുസമീലാണ് ഉപയോഗിച്ചിരുന്നത് എന്നും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാർ ഓടിച്ചിരുന്നത് ഉമർ തന്നെയായിരുന്നു എന്ന് ഡി.എൻ.എ. പരിശോധന ഫലം സ്ഥിരീകരിച്ചു. വലിയ ആക്രമണത്തെക്കുറിച്ച് ഉമർ എപ്പോഴും സംസാരിക്കുമായിരുന്നു എന്ന് അന്വേഷണ ഏജൻസി വൃത്തങ്ങൾ സൂചന നൽകുന്നു.

ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ചും എൻ.ഐ.എ. അന്വേഷിക്കുന്നുണ്ട്. തുർക്കിയിലെ ചിലർ ഉമർ അടക്കമുള്ളവരുമായി ബന്ധപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട് ഹരിയാനയിൽ ഇതിനോടകം അമ്പതിലധികം പേരെ ചോദ്യം ചെയ്തുകഴിഞ്ഞു.

ഡൽഹിയിലെ ചെങ്കോട്ട സ്ഫോടന കേസുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) കസ്റ്റഡിയിലെടുത്തു. കാൺപൂരിൽ നിന്നാണ് അനന്ത്‌നാഗ് സ്വദേശിയായ മുഹമ്മദ് ആരിഫ് എന്ന ഡോക്ടറെ കസ്റ്റഡിയിലെടുത്തത്. ഇതോടെ, ഈ കേസിൽ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി.

നേരത്തെ കസ്റ്റഡിയിലെടുത്ത ഡോക്ടർമാരിലൊരാളായ പർവ്വേസിനെ നിലവിൽ ഡൽഹിയിൽ എത്തിച്ചിട്ടുണ്ട്. ഭീകരർ ലക്ഷ്യമിട്ടിരുന്നത് ഡിസംബർ ആറിന് ചെങ്കോട്ടയിൽ സ്ഫോടനം നടത്താനായിരുന്നു എന്നും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. ഈ നിർണായക വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രിസഭ ഈ നീക്കത്തെ 'ഭീകര നീക്കം' എന്ന് നിഗമനത്തിലെത്തിയത്. ഈ ഡോക്ടർമാർ ഉൾപ്പെട്ട തീവ്രവാദ ശൃംഖലയെക്കുറിച്ചും ഇവർക്ക് ലഭിച്ച വിദേശ സഹായത്തെക്കുറിച്ചും എൻ.ഐ.എ. അന്വേഷണം തുടരുകയാണ്.

ഡൽഹിയിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം 500 മീറ്ററോളം അകലെയുള്ള ഒരു ടെറസിൽ നിന്ന് മൃതദേഹ അവശിഷ്ടം കണ്ടെത്തി, ഇതൊരു അറ്റുപോയ കയ്യാണ്. സമീപവാസികളാണ് ഇത് ആദ്യം കാണുകയും പോലീസിനെ അറിയിക്കുകയും ചെയ്തത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി അവശിഷ്ടങ്ങൾ പരിശോധനയ്ക്കായി കൊണ്ടുപോകുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com