
ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ ഐഡന്റിറ്റി ഉറപ്പാക്കാനും ഐഡന്റിറ്റി ദുരുപയോഗം ചെയ്യുന്നത് തടയാനും മരണപ്പെട്ട 1.17 കോടിയിലധികം പേരുടെ ആധാർ നമ്പറും വിവരങ്ങളും യു.ഐ.ഡി.എ.ഐ ഒഴുവാക്കി(Aadhaar). ഇത് ആധാർ ഡാറ്റാബേസിന്റെ കൃത്യത നിലനിർത്തുമെന്നാണ് വിലയിരുത്തുന്നത്.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സിവിൽ രജിസ്ട്രേഷൻ സിസ്റ്റം വഴി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ വിവരങ്ങൾ തേടിയിരുന്നു. ഇത് പ്രകാരം ഏകദേശം 1.55 കോടി മരണ രേഖകൾ ലഭിച്ചതിന് ശേഷമാണ് യു.ഐ.ഡി.എ.ഐ മരണപ്പെട്ടവരുടെ വിവരങ്ങൾ നിർജ്ജീവമാക്കിയത്.
രജിസ്ട്രാറിൽ നിന്നും മരണ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം കുടുംബാംഗങ്ങളുടെ മരണങ്ങൾ myAadhaar പോർട്ടലിൽ ഉൾപ്പെടുത്താനും UIDAI പൗരന്മാരോട് അഭ്യർത്ഥിച്ചു. മരണാനന്തരം ആധാർ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് നടപടി.