ചെന്നൈ: തമിഴ്‌നാട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ മുഖങ്ങൾ മാറുന്നു. ഡി.എം.കെ (DMK) നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു (Udhayanidhi Stalin Opposition Leader). ഇതോടെ തമിഴ്‌നാടിന്റെ പുതിയ പ്രതിപക്ഷ നേതാവായി ഉദയനിധി ചുമതലയേൽക്കും. മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത അതേദിവസം തന്നെയാണ് ഉദയനിധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്. മുതിർന്ന നേതാവ് കെ.എൻ. നെഹ്‌റുവാണ് ഉപനേതാവ്.
എം.കെ. സ്റ്റാലിന് പിന്നാലെ പാർട്ടിയിലെയും പ്രതിപക്ഷത്തെയും നേതൃപദവി ഉദയനിധിയിലേക്ക് എത്തിയതോടെ ഡി.എം.കെയിൽ അധികാര കേന്ദ്രീകരണം കുടുംബത്തിൽ തന്നെ ഉറപ്പിക്കപ്പെട്ടിരിക്കുകയാണ്. വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘തമിഴ് തായ് വാഴ്ത്തിന്’ പകരം ‘വന്ദേമാതരം’ ആലപിച്ചതിനെച്ചൊല്ലി വലിയ രാഷ്ട്രീയ വിവാദം ഉടലെടുത്തു. സംസ്ഥാനത്തിന്റെ പാരമ്പര്യം വിജയ് ലംഘിച്ചുവെന്നാണ് ഡി.എം.കെയുടെ ആരോപണം.
വിജയ് ബി.ജെ.പിയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഡി.എം.കെ ആരോപിക്കുമ്പോൾ, ഗവർണറുടെ സാന്നിധ്യത്തിലുള്ള പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടിയാണ് ടി.വി.കെ (TVK) ഇതിനെ പ്രതിരോധിക്കുന്നത്. തമിഴ് തായ് വാഴ്ത്ത് അവഗണിക്കപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐയും രംഗത്തെത്തി. എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലെങ്കിലും തമിഴ് പാരമ്പര്യം ഉയർത്തിപ്പിടിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.
വിജയ് നയിക്കുന്ന ഭരണപക്ഷവും ഉദയനിധി നയിക്കുന്ന പ്രതിപക്ഷവും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനാകും ഇനി തമിഴ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുക.
Story Summary: The political landscape of Tamil Nadu is set for a historic showdown as Udhayanidhi Stalin has been elected as the Leader of the Opposition, on the same day Vijay took oath as the Chief Minister. This marks a significant generational shift within the DMK. Meanwhile, a major controversy erupted over the singing of ‘Vande Mataram’ instead of ‘Tamil Thai Vazhthu’ during Vijay’s swearing-in ceremony. While DMK and CPI criticized the move as an insult to Tamil tradition, Vijay’s supporters defended it by citing past protocols.

