

ചെന്നൈ : സംസ്‌കൃതത്തെ മൃതഭാഷ (dead language ) എന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ചെന്നൈയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെ സ്റ്റാലിൻ നടത്തിയ പരാമർശങ്ങക്കെതിരെ ബിജെപി രംഗത്തെത്തി. സ്റ്റാലിൻ ഇന്ത്യൻ സംസ്കാരത്തെ അപമാനിക്കുകയും നിരുത്തരവാദപരമായി സംസാരിക്കുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു.
ചെന്നൈയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ, കേന്ദ്രം സംസ്‌കൃതത്തെ പ്രോത്സാഹിപ്പിക്കുന്നതിനെയും തമിഴ് ഭാഷയെ അവഗണിക്കുന്നതിനെയും ഉദയനിധി വിമർശിക്കുകയായിരുന്നു. പ്രധാനമന്ത്രിയോട് നിശിതമായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടായിരുന്നു സ്റ്റാലിന്റെ പരാമർശം.
"നിങ്ങൾക്ക് തമിഴ് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ, എന്തിനാണ് കുട്ടികളെ ഹിന്ദിയും സംസ്‌കൃതവും പഠിക്കാൻ പ്രേരിപ്പിക്കുന്നത്?" കഴിഞ്ഞ പത്ത് വർഷത്തിനിടെ കേന്ദ്ര സർക്കാർ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോൾ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് സ്റ്റാലിൻ അവകാശപ്പെട്ടു. ഈ പരാമർശങ്ങൾ ഒരു രാഷ്ട്രീയ വിവാദമായി മാറി.
ഉദയനിധി സാംസ്കാരിക പാരമ്പര്യങ്ങളെയും മതവികാരത്തെയും അവഹേളിച്ചുവെന്ന് ബിജെപി ആരോപിച്ചു. ബിജെപി നേതാവും മുൻ തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ, തമിഴ് സംസ്കാരം മറ്റ് ഭാഷകളെ ഇകഴ്ത്തുന്നത് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ ശക്തമായി അപലപിച്ചു.
ഉദയനിധിയുടെ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയം എന്ന് വിശേഷിപ്പിച്ച സൗന്ദരരാജൻ, മുമ്പ് സനാതന ധർമ്മത്തെ അപമാനിച്ചിരുന്നുവെന്നും ഇപ്പോൾ ഭാഷയെയാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞു. ഉപമുഖ്യമന്ത്രി തന്റെ പരാമർശങ്ങൾ ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.