ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നു. 250-ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കേസുകളുടെ വര്‍ദ്ധനവിനെ തുടര്‍ന്ന് ശനിയാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി അവലോകന യോഗം ചേര്‍ന്നു. ആരോഗ്യ ഗവേഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രത പാലിക്കുന്നുണ്ടെന്നും വിവിധ ഏജന്‍സികള്‍ വഴി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍, ആശുപത്രികളോട് കിടക്കകള്‍, ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജീനോം സീക്വന്‍സിങ്ങിനായി എല്ലാ പോസിറ്റീവ് സാമ്പിളുകളും ലോക് നായക് ആശുപത്രിയിലേക്ക് അയയ്ക്കാന്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോവിഡ്-19 ന്റെ രണ്ട് പുതിയ വകഭേദങ്ങൾ, NB.1.8.1 ഉം LF.7 ഉം ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. രണ്ട് വകഭേദങ്ങളും മാരകമല്ല. വിവിധ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ ഭൂരിഭാഗവും നേരിയ സ്വഭാവമുള്ളവയാണ്. രോഗികളെ വീട്ടിൽ തന്നെ പരിചരിക്കുന്നു. ശനിയാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി കോവിഡ് -19 കേസുകൾ അവലോകനം ചെയ്തു.
കോവിഡിന്റെ ഈ വകഭേദങ്ങൾ കൂടുതൽ അപകടകരമല്ലെന്ന് ലോകാരോഗ്യ സംഘടനയും (WHO) അറിയിച്ചിട്ടുണ്ട്. ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവിന് കാരണമാകുന്നതിനാൽ രണ്ട് വകഭേദങ്ങളും ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നുണ്ട്.