

പട്ന : നെറ്റ്ഫ്ലിക്സിൽ മണി ഹീസ്റ്റ് വെബ് സീരീസ് കണ്ടതിന്റെ പ്രചോദനത്തിൽ ബാങ്ക് കൊള്ളയടിച്ച് രണ്ടു സഹോദരന്മാർ.വെബ് സീരീസ് കണ്ട ശേഷം രണ്ട് സഹോദരന്മാരും ബാങ്കിൽ നിന്ന് 17 കിലോ സ്വർണം കൊള്ളയടിച്ചു. ഇതിനിടയിൽ, തെളിവ് നശിപ്പിക്കാൻ ഇരുവരും കാസ്റ്റിക് പൗഡർ ഉപയോഗിച്ചതായും പോലീസ് പറഞ്ഞു. കർണാടകയിലെ ദാവൻഗരെ ന്യാമതി പട്ടണത്തിലാണ് സംഭവം നടന്നത്, വെബ് സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രണ്ട് സഹോദരന്മാരും 2024 ഒക്ടോബർ 28 ന് സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ബിസിനസ്സ് ചെയ്യുന്നതിനായി വായ്പ എടുക്കാൻ പ്രതികളായ രണ്ട് സഹോദരന്മാർ ബാങ്കിൽ പോയിരുന്നു, പക്ഷേ എന്തോ കാരണത്താൽ ബാങ്ക് വായ്പ നൽകാൻ തയ്യാറായില്ല. ഇരുവരും ഇതോടെ പ്രതിസന്ധിയിലായി. പിന്നാലെ ഒരു ദിവസം രണ്ട് സഹോദരന്മാരും നെറ്റ്ഫ്ലിക്സിൽ മണി ഹീസ്റ്റ് വെബ് സീരീസ് കണ്ടു. ഇത് കണ്ടതിനുശേഷം, വായ്പ നൽകാൻ വിസമ്മതിച്ച ബാങ്ക് കൊള്ളയടിക്കാൻ ഇരുവരും പദ്ധതിയിടുകയായിരുന്നു.
സംഭവം നടന്ന് ആറ് മാസത്തിന് ശേഷം പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. കൊള്ളയടിച്ച 17 കിലോ സ്വർണ്ണം ദാവണഗരെ പോലീസ് സ്റ്റേഷനിലെ പോലീസ് പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശികളായ വിജയ് (30), അജയ് (28) എന്നിവരാണ് അറസ്റ്റിലായ സഹോദരങ്ങൾ.ഇരുവരെയും ചോദ്യം ചെയ്ത ശേഷം തെളിവെടുപ്പ് നടത്താനൊരുങ്ങുകയാണ് പോലീസ്.