
ഗ്രേറ്റർ നോയിഡ : അർദ്ധരാത്രി ഭക്ഷണം ആവശ്യപ്പെട്ടതിനെത്തുടർന്ന് ദാബയിലുണ്ടായ തർക്കത്തിൽ പാചകത്തൊഴിലാളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നീതു കശ്യപ് (40) എന്നയാളെ കൊലപ്പെടുത്തിയ കേസിൽ നിഥിൻ കുമാർ (30), കൗശൽ കുമാർ (35) എന്നിവരാണ് പിടിയിലായത്.
ഗ്രേറ്റർ നോയിഡയിലെ ഗൗർ സിറ്റി 2 പ്രദേശത്താണ് ഞെട്ടിക്കുന്ന ആക്രമണസംഭവമുണ്ടായത്. കേസിലെ പ്രതിയായ മൂന്നാമനായുള്ള തിരച്ചിൽ അന്വേഷണ സംഘം ഊർജിതമാക്കിയിരിക്കുകയാണ്.
കൊലപാതകത്തിലേക്ക് നയിച്ച സംഭവം
ഒക്ടോബർ നാലിന് പുലർച്ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. ദാബയുടെ ഉടമയായ വരുൺ കൗശിക് കട അടയ്ക്കാൻ ഒരുങ്ങുന്നതിനിടെയാണ് മൂന്ന് പേർ ഭക്ഷണം പാഴ്‌സലായി നൽകണമെന്ന് ആവശ്യപ്പെട്ട് എത്തിയത്. അർദ്ധരാത്രിയായതിനാൽ പാഴ്‌സൽ നൽകാനാവില്ലെന്ന് വരുൺ നിലപാടെടുത്തതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി.
ഈ സമയം വരുണിനെക്കൂടാതെ മറ്റ് രണ്ട് പാചകത്തൊഴിലാളികൾ മാത്രമാണ് ദാബയിലുണ്ടായിരുന്നത്. തർക്കം രൂക്ഷമായതോടെ തൊഴിലാളിയായ കശ്യപ് ഇടപെട്ടു. ഇതോടെ ആക്രമിസംഘം കശ്യപിനെ പിടികൂടി വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പ്രദേശത്തെത്തിയ ഒരു കാൽനടക്കാരനാണ് ചോരയിൽ കുളിച്ചുകിടന്ന കശ്യപിനെ ആദ്യം കണ്ടത്. ഉടൻതന്നെ ഇയാൾ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി കശ്യപിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ, കശ്യപിന്റെ മരണം സംഭവിച്ചിരുന്നു. ദാബ ഉടമ വരുൺ കൗശിക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും പ്രതികളെ പിടികൂടിയതും.