
കൃഷ്ണഗിരി: തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷ്ണഗിരി സ്വദേശി എല്ലമ്മാൾ(50), മകൾ സുശിത (13) എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഇവരുടെ ബന്ധു വീട്ടിലെത്തിയപ്പോഴാണ് ക്രൂര കൊലപാതകത്തിന്റെ വിവരങ്ങൾ പുറം ലോകം അറിയുന്നത്. 50-കാരിയായ എല്ലമ്മാളിനെ സോഫയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് നിലത്ത് രക്തത്തിൽ കുളിച്ച നിലയിൽ സുശിതയുടെ മൃതദേഹവും കണ്ടെത്തിയത്. സംഭവം കണ്ട ബന്ധു , ഉടൻ തന്നെ കൃഷ്ണഗിരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന്, എസ്പി തങ്കദുരൈ, ഡിഎസ്പി മുരളി എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. ഫൊറൻസിക്, ഡോഗ് സ്ക്വാഡ് പരിശോധനകൾ പുരോഗമിക്കുകയാണ്. വീട്ടിൽ കവർച്ച നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.ഇരുവരുടേയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കൃഷ്ണഗിരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എല്ലമ്മാളിന്റെ ഭർത്താവ് സുരേഷ് 2018 ൽ അസുഖത്തെ തുടർന്ന് മരിച്ചു. പെരിയസാമി (15), സുഷിത (13), സുഷിക (13) എന്നവരാണ് മക്കൾ. സുഷിക അടുത്തിടെ ഒരു റോഡപകടത്തിൽ മരിച്ചു.