ചെന്നൈ: നടൻ വിജയ് സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ.) തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മഹാബലിപുരത്ത് ചേർന്ന ടി.വി.കെ. ജനറൽ കൗൺസിലിലാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. ഇതോടെ, 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് ഉറപ്പായി.(TVK's CM candidate is Vijay, The fight in 2026 will be intense)
വിജയ് തന്നെയാണ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. സഖ്യം ഉൾപ്പെടെയുള്ള എല്ലാ സുപ്രധാന തീരുമാനങ്ങളും എടുക്കാൻ വിജയ്‌യെ ജനറൽ കൗൺസിൽ ചുമതലപ്പെടുത്തി.
കരൂർ ദുരന്തത്തിന് പിന്നാലെ ടി.വി.കെ.ക്ക് തനിച്ചു നിലനിൽപ്പില്ലെന്ന നിരീക്ഷണങ്ങൾ ശക്തമായിരുന്നു. ഇതിനിടയിൽ എ.ഐ.എ.ഡി.എം.കെ.യുമായുള്ള സഖ്യ ശ്രമങ്ങളെല്ലാം ടി.വി.കെ. തള്ളിയിരുന്നു. ഈ അഭ്യൂഹങ്ങൾക്കും സഖ്യ ചർച്ചകൾക്കുമിടയിലാണ് വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് ടി.വി.കെ.യുടെ നിർണായക പ്രഖ്യാപനം വന്നത്.
കരൂർ ദുരന്തത്തിന് ശേഷം നിർജീവമായിരുന്ന ടി.വി.കെ. അടുത്തിടെ 28 അംഗ പുതിയ നിർവാഹക സമിതി രൂപീകരിച്ചിരുന്നു. നിർവാഹക സമിതി രൂപീകരിച്ച ശേഷമുള്ള ആദ്യ പ്രധാന യോഗമാണിത്. പാർട്ടി ഘടന ദുർബലമാണെന്നും സഖ്യം അനിവാര്യമാണെന്നും ഉള്ള വിലയിരുത്തലുകൾക്കിടെയാണ് ഈ യോഗം നടന്നതെങ്കിലും, വിജയിയെ ഒറ്റക്കെട്ടായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ പാർട്ടി തീരുമാനിച്ചു.