ചെന്നൈ : ടി വി കെ നേതാവ് വിജയുടെ രാഷ്ട്രീയ റാലിയിൽ കരൂരിൽ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായവരുടെ എണ്ണം 41 ആയി ഉയർന്നു. മരിച്ചത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സുഗുണ എന്ന 65കാരി ആണെന്നാണ് വിവരം.(TVK Vijay Karur Rally Stampede)
അതേസമയം, 55പേർ ആശുപത്രി വിട്ടിട്ടുണ്ട്. നിലവിൽ 50 പേർ ചികിത്സയിൽ തുടരുന്നു. രണ്ടു പേർ അതീവ ഗുരുതരാവസ്ഥയിലാണ്. സംസ്ഥാന സർക്കാർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്കിടെ, 2025 സെപ്റ്റംബർ 28 ഞായറാഴ്ച തമിഴ്ഗ വെട്രി കഴകം (ടിവികെ) മേധാവിയും നടനുമായ വിജയ്ക്ക് ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ചെന്നൈ നഗരത്തിലെ നീലങ്കരൈയിലുള്ള വിജയിന്റെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്താൻ എത്തി. പ്രദേശത്ത് സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ ശ്രമിക്കുന്ന ബോംബ് സ്ക്വാഡ് അവരുടെ സ്നിഫർ നായ്ക്കളുമായി എത്തിയതായി സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ കാണിക്കുന്നു.
വിജയുടെ ചെന്നൈയിലെ വസതിക്ക് പുറത്തുള്ള സുരക്ഷ വർദ്ധിപ്പിച്ചു. ദുരന്തത്തിൻ്റെ വീഴ്ചകൾ എണ്ണിപ്പറയുന്നതാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ച ഉണ്ടായെന്നും,10 മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുകരുതൽ എടുത്തില്ലെന്നും ഇതിൽ പറയുന്നു. പതിനായിരം പേർക്ക് അനുവടിയുള്ള സ്ഥലത്ത് 45,000 ഓളം പേരാണ് ഉണ്ടായിരുന്നത്. ഫ്ലൈ ഓവർ പരിസരത്ത് 15,000ത്തിലധികം ആളുകളാണ് കാത്തുനിന്നത്. അതേസമയം, ടി വി കെയുടെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.