ചെന്നൈ: രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനുശേഷം ആദ്യമായി ഒരു പൊതു പ്രകടനത്തിൽ പങ്കെടുത്ത ടിവികെ സ്ഥാപകനും നടനുമായ വിജയ്, ഡിഎംകെ പ്രസിഡന്റും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നാല് വർഷത്തെ ഭരണത്തിനിടയിൽ നടന്നതായി ആരോപിക്കപ്പെടുന്ന കസ്റ്റഡി മരണങ്ങളെച്ചൊല്ലി ഞായറാഴ്ച രംഗത്തെത്തി.(TVK leader Vijay slams CM Stalin, BJP)
ശിവഗംഗ ജില്ലയിലെ മടപ്പുറത്ത് ക്ഷേത്ര സുരക്ഷാ ജീവനക്കാരനായിരുന്ന അജിത്കുമാറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ടതിന് സ്റ്റാലിനെ വിമർശിച്ച ടിവികെ നേതാവ്, സ്റ്റാലിൻ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. ബിജെപിക്കെതിരെ ആഞ്ഞടിച്ച വിജയ്, “സിബിഐ ആർഎസ്എസിന്റെയും ബിജെപിയുടെയും കൈകളിലെ പാവയായി തുടരുന്നുവെന്നും, അജിത്കുമാറിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് എന്തിനാണ് അവരുടെ പിന്നിൽ ഒളിക്കുന്നത് എന്നും ചോദിച്ചു.
അജിത്കുമാറിന്റെ കുടുംബത്തോട് 'ക്ഷമിക്കണം' എന്ന് പറഞ്ഞ സ്റ്റാലിനെ പരിഹസിച്ചു കൊണ്ട് വിജയ് ചോദിച്ചു, "നിങ്ങൾ അജിത്കുമാറിന്റെ കുടുംബത്തോട് ക്ഷമ ചോദിച്ചു. അതിൽ തെറ്റൊന്നുമില്ല. എന്നാൽ നിങ്ങളുടെ നാല് വർഷത്തെ ഭരണത്തിൽ, പോലീസ് കസ്റ്റഡിയിൽ 24 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിങ്ങൾ ആ കുടുംബങ്ങളോട് 'ക്ഷമിക്കണം' എന്ന് പറഞ്ഞോ? നിങ്ങൾ അവർക്ക് നഷ്ടപരിഹാരം നൽകിയോ? ദയവായി അവരോടും 'ക്ഷമിക്കണം' എന്ന് പറഞ്ഞ് നഷ്ടപരിഹാരം പ്രഖ്യാപിക്കുക."
സാത്തൻകുളത്തെ ജെബരാജിന്റെയും ബെന്നിക്സിന്റെയും ലോക്കപ്പ് മരണങ്ങളുടെ അന്വേഷണം സിബിഐക്ക് കൈമാറിയപ്പോൾ, അത് തമിഴ്‌നാട് പോലീസിനോടുള്ള അപമാനമാണെന്ന് സ്റ്റാലിൻ പറഞ്ഞതായി ഓർമ്മിപ്പിച്ച വിജയ്, അജിത്കുമാറിന്റെ കേസിലും മുഖ്യമന്ത്രി ഇപ്പോൾ അതുതന്നെയാണ് ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു.
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമ കേസ് മുതൽ അജിത്കുമാറിന്റെ കേസ് വരെ കോടതി ഇടപെടാനും സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിക്കാനും നിർബന്ധിതരായിട്ടുണ്ടെന്നും ടിവികെ നേതാവ് പറഞ്ഞു. "എന്തിനാണ് നിങ്ങൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത്?" വിജയ് ചോദിച്ചു.