ചെന്നൈ : കരൂർ റാലിക്കിടയിൽ ഉണ്ടായ ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം. വിരമിച്ച ജഡ്ജി അരുണ ജഗദീശൻ അധ്യക്ഷയായ കമ്മീഷൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.നാളെ പുലർച്ചെയോടെ സ്റ്റാലിൻ കരൂരിലെത്തും.
നടനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് സിപിഎം തമിഴ്നാട് ഘടകം ആവശ്യപ്പെട്ടു. നടനെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും ആവശ്യം. അതിനിടെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തിയ വിജയ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു.
അതേ സമയം, വിജയ്‌യുടെ റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 38 പേർ മരിച്ചു. ഇതിൽ 7 കുട്ടികളും 13 സ്ത്രീകളും ഉൾപ്പെടുന്നു. കുഴഞ്ഞു വീണ കുട്ടികളടക്കം 67 പേർ ചികിത്സയിലുണ്ടെന്നും ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.
മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. പരുക്കേറ്റവരിൽ 9 പൊലീസുകാരുമുണ്ട്. മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്.വിജയ്‌യുടെ കരൂറിലെ റാലിക്കിടെയായിരുന്നു സംഭവം നടന്നത്.പരിപാടിയിൽ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തി.